| Friday, 9th July 2021, 12:24 pm

ചാരിറ്റി യൂട്യൂബര്‍മാര്‍ എന്തിനാണ് സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങുന്നത്?; പണപ്പിരിവില്‍ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ചാരിറ്റിയുടെ പേരില്‍ പിരിക്കുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ച് സര്‍ക്കാര്‍ നിരീക്ഷണം ആവശ്യമെന്ന് ഹൈക്കോടതി. മലപ്പുറത്ത് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ബാധിച്ച ഒന്നര വയസുകാരന് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സമര്‍പ്പിച്ച ഹരജയില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ക്രൗഡ് ഫണ്ടിംഗ് നടത്തുന്നതിന് കുഴപ്പമില്ല, പക്ഷെ ഇത്തരത്തില്‍ വരുന്ന പണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് സംബന്ധിച്ച് നിരീക്ഷണം വേണം. കേരളത്തില്‍ ധാരാളമായി ക്രൗഡ് ഫണ്ടിംഗ് നടക്കുന്നുണ്ട്. അത്തരം ക്രൗഡ് ഫണ്ടിംഗ് നടക്കുന്നത് സത്യസന്ധമായ വഴിയിലൂടെയാണോ എന്ന് ഉറപ്പ് വരുത്തണമെന്നും അതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് കോടതി പറഞ്ഞത്.

സംസ്ഥാന പൊലീസ് ഇതില്‍ ഇടപെടണമെന്നും ഹൈക്കോടതി പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്ന ചാരിറ്റി തട്ടിപ്പുകളെക്കുറിച്ചും കോടതി പരാമര്‍ശം നടത്തി.

ചാരിറ്റി യൂട്യൂബര്‍മാര്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങുന്നതെന്തിനാണ്? പിരിച്ച പണം കൂടിപ്പോയതിന്റെ പേരില്‍ അടിപിടി പോലും ഉണ്ടാവുന്നതായും കോടതി നിരീക്ഷിച്ചു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാരിന് പൊതുവായ ഒരു പോളിസി വേണമെന്നും കോടതി പറഞ്ഞു.

മലപ്പുറത്ത് മുഹമ്മദിന്റെ ചികിത്സയ്ക്കായി ആവശ്യമുള്ള മരുന്നിന്റെ ഒരു ഡോസിന്റെ വില 18 കോടി രൂപയാണ്. മുഹമ്മദിന്റെ പിതാവ് സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നും 18 കോടി സമാഹരിച്ച് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ചാരിറ്റിയുടെ പേരില്‍ പണം തട്ടിപ്പ് നടത്തുന്നതിനെതിരെയാണ് കോടതി നിരീക്ഷണം നടത്തിയിരിക്കുന്നത്. ഇതുപോലെ അവശ്യഘട്ടത്തില്‍ പോലും പണം സമാഹരിക്കേണ്ടി വരുമ്പോള്‍ ചാരിറ്റി യൂട്യൂബര്‍മാരെ പോലുള്ളവര്‍ പണം തട്ടുന്നത്, അര്‍ഹരായവര്‍ക്ക് പണം ലഭിക്കാതിരിക്കുന്നതിലേക്ക് വഴി തെളിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: High court observation about croud funding and charity

We use cookies to give you the best possible experience. Learn more