പ്രെഗ്നന്‍സി പുസ്തകത്തിലെ ബൈബിള്‍ എന്ന വാക്ക് മതവികാരം വ്രണപ്പെടുത്തി; കരീന കപൂറിന് ഹൈക്കോടതി നോട്ടീസ്
India
പ്രെഗ്നന്‍സി പുസ്തകത്തിലെ ബൈബിള്‍ എന്ന വാക്ക് മതവികാരം വ്രണപ്പെടുത്തി; കരീന കപൂറിന് ഹൈക്കോടതി നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th May 2024, 4:07 pm

ഭോപ്പാല്‍: മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ ബോളിവുഡ് താരം കരീന കപൂറിന് നോട്ടീസ്. ഗര്‍ഭധാരണത്തെക്കുറിച്ചുള്ള തന്റെ പുസ്തകത്തിന്റെ തലക്കെട്ടില്‍ ‘ബൈബിള്‍’ എന്ന വാക്ക് ഉപയോഗിച്ചതിനാണ് മധ്യപ്രദേശ് ഹൈക്കോടതി കരീന കപൂറിന് നോട്ടീസ് അയച്ചിരിക്കുന്നത്. അഭിഭാഷകന്‍ ക്രിസ്റ്റഫര്‍ ആന്റണി സമര്‍പ്പിച്ച ഹരജിയിലാണ് സിംഗിള്‍ ജഡ്ജി ജസ്റ്റിസ് ഗുര്‍പാല്‍ സിങ് അലുവാലിയ താരത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്.

തന്റെ ഓര്‍മ്മക്കുറിപ്പില്‍ ‘ബൈബിള്‍’ എന്ന പദം ഉപയോഗിച്ചതിന് പിന്നിലെ കാരണം സംബന്ധിച്ച് താരത്തിനോട് കോടതി മറുപടി തേടിയിരുന്നു. പുസ്തക വില്‍പന നിരോധിക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടതോടെ പ്രസാധകര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

2021-ല്‍ പ്രസിദ്ധീകരിച്ച Kareena Kapoor Khan’s Pregnancy Bible: The Ultimate Manual for Moms-To-be എന്ന പുസ്തകത്തില്‍, കരീനയുടെ ഗര്‍ഭകാല യാത്രയും ഗര്‍ഭിണികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ തലക്കെട്ടില്‍ ബൈബിള്‍ എന്ന് ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു കോടതിയില്‍ കേസ് കൊടുത്തിരുന്നത്.

ക്രിസ്ത്യന്‍ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ആന്റണി ആദ്യം ജബല്‍പൂരിലെ ഒരു പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വിശുദ്ധ പുസ്തകമായ ‘ബൈബിളിനെ’ ഒരു നടിയുടെ ഗര്‍ഭധാരണവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു ആന്റണി പറഞ്ഞത്. പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതോടെ അഭിഭാഷകന്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

ബൈബിള്‍’ എന്ന വാക്കിന്റെ ഉപയോഗം ക്രിസ്ത്യന്‍ സമൂഹത്തിന്റെ വികാരങ്ങളെ എങ്ങനെ വ്രണപ്പെടുത്തിയെന്ന് സ്ഥാപിക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് ഹരജി തള്ളി. തുടര്‍ന്ന് അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

കരീന കപൂറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തന്റെ അപേക്ഷ തള്ളിയ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെയാണ് അഭിഭാഷകന്‍ ആന്റണി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അടുത്ത ആഴ്ചയാണ് കോടതി വാദം കേള്‍ക്കുക.

Content Highlight: High Court notice to Kareena Kapoor for using ‘Bible’ in book’s title