എറണാകുളം: സി.എം.ആര്‍.എല്‍, എക്‌സാലജിക്ക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും നോട്ടീസ് അയച്ച് ഹൈക്കോടതി. മാത്യു കുഴല്‍നാടന്റെ ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്.
മുഖ്യമന്ത്രി അടക്കമുള്ള എതിര്‍ കക്ഷികള്‍ക്കാണ് നോട്ടീസ് അയച്ചത്.
ഹൈക്കോടതി നടപടി സ്വാഗതം ചെയ്തുകൊണ്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. സി.എം.ആര്‍.എല്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ അനുവാദത്തോടെയാണ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയുടെത് സ്വാഭാവിക നടപടിയാണെന്നാണ് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചത്.
അഴിമതി അന്വേഷണം ആവശ്യപ്പെട്ട് കുഴല്‍നാടന്‍ സമര്‍പ്പിച്ച ഹരജി കഴിഞ്ഞ മാസം വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം റിവ്യൂ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കയ്യില്‍ ആവശ്യമായ തെളിവുള്ളത് കൊണ്ടാണ് കോടതിയുടെ നേരിട്ടുള്ള അന്വേഷണം ആവശ്യപ്പെട്ടതെന്ന് മാത്യു കുഴല്‍നാടന്‍ നേരത്തെ പ്രതികരിച്ചിരുന്നു. അന്വേഷണം തുടങ്ങിയാല്‍ എല്ലാ തെളിവുകളും കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡിന്റെ ഉത്തരവില്‍ മറ്റ് രാഷ്ട്രീയക്കാരുടെ പേരും പരാമര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ എന്തുകൊണ്ടാണ് അവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെടാത്തതെന്നും വിജിലന്‍സ് കോടതി മാത്യു കുഴല്‍നാടനോട് ചോദിച്ചിരുന്നു.
ഡയറി കുറിപ്പിലെ പേരുകള്‍ തെളിവുകളായി കാണാന്‍ സാധിക്കില്ലെന്നും ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
Content Highlight: High Court notice to Chief Minister Pinarayi Vijayan and daughter Veena