ഹര്‍ത്താല്‍ അക്രമത്തിലെ നഷ്ടം; സെന്‍കുമാറിനും കെ.എസ്.രാധാകൃഷ്ണനുമടക്കം സംഘപരിവാര്‍ നേതാക്കള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്
sabarimal women entry
ഹര്‍ത്താല്‍ അക്രമത്തിലെ നഷ്ടം; സെന്‍കുമാറിനും കെ.എസ്.രാധാകൃഷ്ണനുമടക്കം സംഘപരിവാര്‍ നേതാക്കള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th January 2019, 12:23 pm

കൊച്ചി: ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ നഷ്ടം നേതാക്കളില്‍ നിന്ന് ഈടാക്കണമെന്ന ഹരജിയില്‍ ടി.പി.സെന്‍കുമാര്‍, കെ.എസ്.രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ബി.ജെപി ശബരിമല കര്‍മസമിതിക്കും, ആര്‍.എസ്.എസിനും നോട്ടീസ് അയച്ചിട്ടുണ്ട്.

ഹര്‍ത്താലിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നിര്‍ണയിക്കാനും വിതരണം ചെയ്യാനുമായി ക്ലെയിം കമീഷണറെ നിയമിക്കാന്‍ ഉത്തരവിടണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് തൃശൂര്‍ സ്വദേശി ടി. എന്‍ മുകുന്ദനാണ് കോടതിയെ സമീപിച്ചത്.

Read Also : ഹര്‍ത്താലിലെ അറസ്റ്റില്‍ വലഞ്ഞ് സംഘപരിവാര്‍ സംഘടനകള്‍; പലരും ഒളിവില്‍, സമരത്തിന് ആളില്ല

ബി.ജെ.പി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍എസ്എസ് നേതാക്കളായ കെ പി ശശികല, എസ് ജെ ആര്‍ കുമാര്‍, കെ എസ് രാധാകൃഷ്ണന്‍, ഡോ. ടി.പി സെന്‍കുമാര്‍, ഗോവിന്ദ് ഭരതന്‍,  പി ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, പി.കെ കൃഷ്ണദാസ്, ഒ.രാജഗോപാല്‍, പി.ഇ.ബി മേനോന്‍ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹരജി.

ബി.ജെ.പി, ഹിന്ദുഐക്യ വേദി, ശബരിമല കര്‍മ സമിതി, ആര്‍.എസ്.എസ് എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പക്കലും വ്യാപകമായി നടന്നെന്നും നിയമവാഴ്ച തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് ഹര്‍ത്താലും അക്രമണങ്ങളും നടത്തിയതെന്നുമാരോപിച്ചാണ് ഹരജി.

Read Also : അലോക് വര്‍മ്മയെ മാറ്റാനാകില്ല; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ഹര്‍ത്താലിനിടെ സംസ്ഥാനത്തുടനീളം വ്യാപക അക്രമങ്ങളാണ് ഹര്‍ത്താലനുകൂലികള്‍ നടത്തിയത്.

രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ഏഴ് ദിവസം മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു.

മിന്നല്‍ പണിമുടക്കും ഹര്‍ത്താലും പ്രഖ്യാപിച്ച് പൊതുജനത്തെ വലയ്ക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കുന്നതാകരുത്. ഹര്‍ത്താലില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടികള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.