വോട്ടിങ് മെഷീനെ വിമര്‍ശിക്കുന്നതിന് ഹൈക്കോടതി വിലക്ക്: ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ പോലും വിമര്‍ശനം അരുതെന്ന് കോടതി
India
വോട്ടിങ് മെഷീനെ വിമര്‍ശിക്കുന്നതിന് ഹൈക്കോടതി വിലക്ക്: ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ പോലും വിമര്‍ശനം അരുതെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd June 2017, 9:41 am

ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനെ വിമര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഉത്തരാഖണ്ഡ് ഹൈക്കോടതി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ തീരുമാനം വരുന്നതുവരെ രാഷ്ട്രീയപാര്‍ട്ടികളും പൊതുജനങ്ങളും ഇലക്ട്രോണിക് വോട്ടിങ് മെഷീനെ വിമര്‍ശിക്കാന്‍ പാടില്ല എന്നാണ് കോടതി ഉത്തരവ്.

ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ സിസ്റ്റമാറ്റിക്കായ കാമ്പെയ്‌നാണ് നടക്കുന്നതെന്നു പറഞ്ഞാണ് ജഡ്ജി ഇ.വി.എമ്മുകളെ വിമര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.


Must Read: ‘മലപ്പുറത്തെ ഭിന്നിപ്പിക്കാന്‍ വീണ്ടും സംഘപരിവാര്‍’; റമദാന്‍ പ്രമാണിച്ച് ഹോട്ടല്‍ ബലമായി പൂട്ടിച്ചെന്ന് ജനം ടിവിയിലും സമൂഹമാധ്യമങ്ങളിലും സംഘപരിവാറിന്റെ വ്യാജ പ്രചരണം 


ഇത്തരത്തില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് കോട്ടംവരുത്തുന്നത് തുടര്‍ന്നാല്‍ അത് ജനാധിപത്യ സംവിധാനം ക്ഷയിക്കാന്‍ ഇടയാക്കുമെന്നും ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.

ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെ സ്ഥിരീകരണമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്താന്‍ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

“ഞങ്ങള്‍, വലിയൊരു വിഭാഗം ജനങ്ങളുടെ താല്‍പര്യത്തിനുവേണ്ടി, അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചതിനെ വിമര്‍ശിക്കുന്നതില്‍ നിന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും എന്‍.ജി.ഒ.കളെയും വ്യക്തികളെയും വിലക്കുന്നു. ഈ കേസുകളില്‍ തീരുമാനമാകുംവരെ ഇലക്ട്രോണിക് മീഡിയ, മാധ്യമങ്ങള്‍, റേഡിയോ, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ വഴി ഇ.വി.എമ്മുകളെ വിമര്‍ശിക്കാന്‍ പാടില്ല.” എന്നാണ് കോടതി ഉത്തരവിട്ടത്.


Also Read: കേരളത്തെ ‘പാകിസ്താന്‍’ എന്ന് വിശേഷിപ്പിച്ച് ടൈംസ് നൗ; ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ തിളച്ച് മറിഞ്ഞ് മലയാളികളുടെ പൊങ്കാല 


അതേസമയം, ഇന്നുനടക്കാനിരിക്കുന്ന ഇ.വി.എം ചാലഞ്ചുമായി മുന്നോട്ടുപോകാന്‍ കോടതി തെരഞ്ഞെടുപ്പു കമ്മീഷന് അനുവാദം നല്‍കി. എന്‍.സി.പിയും സി.പി.ഐ.എമ്മുമാണ് ഇ.വി.എം ചാലഞ്ചിനു തയ്യാറായിട്ടുള്ളത്.