| Thursday, 16th October 2014, 12:08 pm

മെട്രോ വില്ലേജിന് വേണ്ടി കൃഷിഭൂമി നികത്തുന്നത് ഹൈക്കോടതി തടഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: മെട്രോ റെയില്‍ നിര്‍മാണത്തിന്റെ പശ്ചാത്തലത്തില്‍ “മെട്രോ വില്ലേജ് “നിര്‍മാണത്തിന് കൃഷിഭൂമി നികത്തുന്നത് ഹൈക്കോടതി തടഞ്ഞു. കൊച്ചി മെട്രോ റെയില്‍ യാര്‍ഡിന്റെയും മെട്രോ വില്ലേജിന്റെയും പേരില്‍ ആലുവ മുട്ടത്ത് ആയിരക്കണക്കിന് ഏക്കര്‍ പാടം നികത്തുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.

ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത് സംബന്ധിച്ച് നേരത്തെ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ആലുവ അമ്പാട്ടുകാവ് സ്വദേശി എന്‍. സുധാകര പിള്ള, ഏലൂര്‍ സ്വദേശി എന്‍.എ. അഷറഫ് എന്നിവരാണ് അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് പരിഗണിച്ചാണ് കോടതി കൃഷിഭൂമി നികത്തുന്നത് തടഞ്ഞത്.

പാടം നികത്താന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അനുമതിയില്ലാതെ പാടം നികത്താനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കൃഷിയിടം മണ്ണിട്ട് നികത്തുന്ന ജോലി ഇപ്പോള്‍ നടക്കുന്നില്ലെന്ന് മെട്രോ റെയില്‍ കോര്‍പ്പറേഷനും കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

പാടം നികത്താന്‍ അനുമതി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ഇതില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാലും കോടതിയെ വിവരം അറിയിച്ചശേഷമേ ജോലികള്‍ ആരംഭിക്കാനാവൂവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

52.11 ഏക്കര്‍ പാടം മെട്രോയാര്‍ഡിനുവേണ്ടി നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ “മെട്രോ വില്ലേജ്” എന്ന പേരില്‍ നിയന്ത്രണമില്ലാതെ നിലം നികത്തുകയാണെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. പരിസ്ഥിതി ആഘാത പഠനം നടത്താതെയും പ്രാദേശിക, സംസ്ഥാന നിരീക്ഷണ സമിതികളുടെ അനുമതിയില്ലാതെയുമാണ് പാടം നികത്തല്‍ നടത്തുന്നതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍ 132 ഏക്കര്‍ കരഭൂമി പദ്ധതിക്ക് ലഭ്യമാണ്. എന്നാല്‍ ചൂര്‍ണിക്കരയിലെ ചവര്‍പാടം, കട്ടേപ്പാടം, പള്ളത്തുപാടം എന്നിവയാണ് നികത്തുന്നത്. ഇത് റിയല്‍ എസ്റ്റേറ്റ് മാഫിയയെയും രാഷ്ട്രീയക്കാരെയും സഹായിക്കാന്‍ വേണ്ടിയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കൊച്ചി മൊട്രോയുടെ മറവില്‍ ഭൂമാഫിയയുടെ മുതലെടുപ്പ്, കൂട്ടിന് സര്‍ക്കാറും

Latest Stories

We use cookies to give you the best possible experience. Learn more