Entertainment news
ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസിന്റെ സ്റ്റേ നീക്കി; വിഷയം ഗൗരവതരമെന്ന് ഹൈക്കോടതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 09, 10:07 am
Thursday, 9th February 2023, 3:37 pm

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസിന്റെ സ്റ്റേ നീക്കി ഹൈക്കോടതി. സ്റ്റേ അനുവദിച്ചതിനെതിരെ പരാതിക്കാരി ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചതോടെയാണ് നടപടി.

ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരാണ് കേസില്‍ ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായത്.

തെറ്റായ വിവരം നല്‍കിയാണ് കോടതിയില്‍നിന്നു സൈബി ജോസ് സ്റ്റേ വാങ്ങിയതെന്നു പരാതിക്കാരി കോടതിയെ അറിയിച്ചു. കേസ് ഒത്തുതീര്‍പ്പാക്കിയെന്നു കാണിച്ച് സൈബി നല്‍കിയ രേഖ വ്യാജമെന്നു കോടതി കണ്ടെത്തി. വിഷയം ഗൗരവതരമാണെന്നു കോടതി വ്യക്തമാക്കി.

ഇന്നു കേസ് പരിഗണിച്ചപ്പോള്‍ സൈബി ജോസ് ഹാജരായില്ല. പകരം ജൂനിയര്‍ അഭിഭാഷകയാണ് ഹാജരായത്. ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ ഉത്തരം പറഞ്ഞേ മതിയാകൂവെന്നു കോടതി വ്യക്തമാക്കി. വ്യാജ രേഖ ചമയ്ക്കല്‍, കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍ എന്നിവ നടന്നതായും കോടതി വ്യക്തമാക്കി. സംഭവത്തില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉണ്ണിമുകുന്ദനോടു കോടതി നിര്‍ദേശിച്ചു. ഹര്‍ജി പരിഗണിക്കുന്നത് 17ലേയ്ക്കു മാറ്റി വച്ചു.

അതേസമയം, ഉണ്ണി മുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പരാതി നല്‍കിയത് യുവതിയായ ചലച്ചിത്ര പ്രവര്‍ത്തകയായിരുന്നു. കഥ കേള്‍ക്കാന്‍ വീട്ടിലേക്ക് വിളിപ്പിച്ച ഉണ്ണി മുകുന്ദന്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. പിന്നീട് തന്റെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും പുറത്ത് വിട്ട് അപമാനിച്ചു എന്ന് പറഞ്ഞ് മറ്റൊരു പരാതിയും യുവതി ഉണ്ണി മുകുന്ദനെതിരെ നല്‍കിയിരുന്നു.

CONTENT HIGHLIGHT: High Court lifts stay of actor Unni Mukundan’s molestation case.