കൊച്ചി: സംഘടനാ വാര്‍ഷിക ആഘോഷത്തിനിടെ ഹൈക്കോടതി അഭിഭാഷകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. അഭിഭാഷകര്‍ എഴുതി അവതരിപ്പിച്ച നാടകത്തെ ചൊല്ലിയാണ് കൂട്ടയടിയുണ്ടായത്.
എന്നാല്‍ ഏറ്റുമുട്ടല്‍ ആസൂത്രിതമെന്നാണ് അഭിഭാഷക അസോസിയേഷന്‍ പറയുന്നത്. പ്രശ്‌നം ഉണ്ടാക്കിയവര്‍ക്കെതിരെ ബാര്‍ അസോസിയേഷനുംചീഫ് ജസ്റ്റിസിനും പരാതി നല്‍കുമെന്നും അഭിഭാഷക അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലാണ് വാര്‍ഷിക ആഘോഷം നടന്നത്. പരിപാടിക്കിടെ നടന്ന നാടകാവതരണത്തില്‍ അസോസിയേഷനിലെ ചിലരെ പുകഴ്ത്തി പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ നിന്നാണ് അടി തുടങ്ങിയത്. പിന്നീട് സംഘര്‍ഷം ഹാളിന് പുറത്തേക്കും എത്തുകയായിരുന്നു.
മുതിര്‍ന്ന അഭിഭാഷകര്‍ വിഷയം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഏതാനും അഭിഭാഷകരുടെ കാല് ഒടിയുകയും പല്ല് പൊട്ടുകയും ചെയ്തിട്ടുണ്ട്.
വാക്കുതര്‍ക്കം പിന്നീട് അഭിഭാഷകർ തമ്മിൽ സംസാരിച്ച് ഒത്തുതീര്‍പ്പാക്കിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: High Court lawyers clashed at the annual celebration