| Monday, 4th October 2021, 6:32 pm

നായ്ക്കളോട് പെരുമാറുന്നതിനേക്കാള്‍ ക്രൂരമായി പെരുമാറി; പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തെന്മല പൊലീസ് സ്റ്റേഷനില്‍ ദളിത് യുവാവിന് നേരിടേണ്ടി വന്ന അതിക്രമത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സ്‌റ്റേഷനിലെത്തിയ യുവാവിനെ പൊലീസ് അസഭ്യം പറയുകയും, ഇല്ലാത്ത കേസുകള്‍ ചുമത്തുകയും ചെയ്തിരുന്നു. 2021 മെയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

‘ഡി.വൈ.എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. 2021 മെയ് 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നേരത്തെ തനിക്കെതിരെ ചാര്‍ജ് ചെയ്ത കേസിന്റെ റെസിപ്റ്റ് വാങ്ങാനെത്തിയ യുവാവിനെ രണ്ടിലധികം പൊലീസുകാര്‍ ചേര്‍ന്ന് ജയിലഴിയില്‍ വിലങ്ങണിയിക്കുകയും അസഭ്യം പറയുകയും ഇല്ലാത്ത പല കേസുകളും ചാര്‍ജ് ചെയ്യുകയും ചെയ്തു.

ഇത് വിശ്വസിക്കാന്‍ പ്രയാസമുണ്ടാക്കുന്നതാണ്. നായ്ക്കളോട് പെരുമാറുന്നത് പോലെ എന്ന് നമ്മള്‍ പറയാറുണ്ട്. എന്നാലിവിടെ നായ്ക്കളോട് പെരുമാറുന്നതിനേക്കാള്‍ മോശമായ രീതിയിലാണ് ഒരു മനുഷ്യനോട് പെരുമാറിയിരിക്കുന്നത്,’ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കേരള പൊലീസ് ആക്ടിലെ 117ാം വകുപ്പ് പൊലീസ് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.

പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന വകുപ്പാണ് 117. ഈ വകുപ്പ് അടക്കം ചുമത്തിയാണ് യുവാവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

‘ഏറ്റവുമധികം ദുരുപയോഗം ചെയ്യുന്ന വകുപ്പാണ് 117, എന്റെ അഭിപ്രായത്തില്‍ ഈ വകുപ്പ് എടുത്ത് കളയണം. ഇത്തരത്തിലുള്ള അധികാരങ്ങള്‍ ഒരിക്കലും പൊലീസിന് നല്‍കരുത്,’ ജസ്റ്റിസ് പറഞ്ഞു.

അതേസമയം പൊലീസിനെ ന്യായീകരിക്കാത്ത രീതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡി.വൈ.എസ്.പിയെ കോടതി അഭിനന്ദിച്ചു. യുവാവിനെതിരെ അതിക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: High Court lashes against Police

We use cookies to give you the best possible experience. Learn more