കണ്ണൂര്‍: രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരെ ക്ഷേത്രം ട്രസ്റ്റികളായി നിയോഗിക്കരുതെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സി.പി.ഐമ്മിനും ഇതേ നിലപാടാണെന്നും ഈ വിധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സി.പി.ഐ.എം ജനകീയ പ്രതിരോധ ജാഥയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
‘ബാബറി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം പണിയുന്നതിനുള്ള കമ്മിറ്റിയുടെ ട്രസ്റ്റിയാണ് മോദി. ക്ഷേത്രം വിശ്വാസികളുടേതുമാത്രമാണ്. അവിടെ ആര്‍.എസ്.എസ്, ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.ഐ.എം പ്രവര്‍ത്തകരൊന്നും ട്രസ്റ്റികളാകേണ്ടതില്ല’, എം.വി.ഗോവിന്ദന്‍ പറഞ്ഞു.
ആര്‍.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും നടത്തിയ ചര്‍ച്ച പുറത്ത് വന്നതിന്റെ നാണക്കേട് മറക്കാന്‍ വേണ്ടിയാണ് ആര്‍.എസ്.എസും സി.പി.ഐ.എമ്മും ചര്‍ച്ച ചെയ്‌തെന്ന പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂരിലും മറ്റിടങ്ങളിലുമുണ്ടായിരുന്ന രാഷ്ട്രീയസംഘര്‍ഷം ഇല്ലാതാക്കാന്‍ നിരവധി തവണ ഉഭയകക്ഷി ചര്‍ച്ചയും സര്‍വകക്ഷിയോഗവും നടന്നിട്ടുണ്ട്. ആ ചര്‍ച്ചയ്ക്കുശേഷം വലിയതോതില്‍ സംഘര്‍ഷം കുറഞ്ഞു. എന്നാല്‍ ഈ ചര്‍ച്ചയോടെ ആര്‍എസ്എസ്സുകാര്‍ സിപിഐ എം പ്രവര്‍ത്തകരെ കൊന്നില്ലെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം തികച്ചും അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനുശേഷവും ആര്‍.എസ്.എസും കോണ്‍ഗ്രസും സി.പി.ഐ.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും സി.പി.ഐ.എം സംയമനം പാലിക്കുന്നതിനാലാണ് സംഘര്‍ഷമുണ്ടാകാത്തതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ജമാഅത്തെ ഇസ്ലാമിയുമായോ വെല്‍ഫയര്‍ പാര്‍ട്ടിയുമായോ സി.പി.ഐ.എം ഇതുവരെ രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഒറ്റപ്പാലം പൂക്കോട്ട് കാളികാവില്‍ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റികളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതി പരിഗണിക്കവേയാണ് ഹൈക്കോടതി വിധി. ഭരണസമിതികളില്‍ കയറിക്കൂടിയ ബി.ജെ.പി നേതാക്കളാണ് ക്ഷേത്രങ്ങളും സ്വത്തുക്കളും ദുരുപയോഗം ചെയ്യുന്നതെന്ന വസ്തുത തുറന്നുപറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി വിധി സി.പി.ഐ. എമ്മിനെയാണ് ബാധിക്കുകയെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlight: High Court judgment applies to Prime Minister; AV Govindan said that the appointment of temple trustee is welcome