കൃഷ്ണദാസിന്റെ കേസ് പരിഗണിക്കുന്ന ജഡ്ജി നെഹ്‌റു കോളേജിന്റെ അതിഥിയായിരുന്നയാളെന്ന ആരോപണവുമായി ജിഷ്ണുവിന്റെ ബന്ധുക്കള്‍
Kerala
കൃഷ്ണദാസിന്റെ കേസ് പരിഗണിക്കുന്ന ജഡ്ജി നെഹ്‌റു കോളേജിന്റെ അതിഥിയായിരുന്നയാളെന്ന ആരോപണവുമായി ജിഷ്ണുവിന്റെ ബന്ധുക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st March 2017, 1:21 pm

പാലക്കാട്: നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി നെഹ്‌റു കോളേജില്‍ അതിഥിയായി എത്തിയയാളാണെന്ന ആരോപണവുമായി കൊല്ലപ്പെട്ട ജിഷ്ണുവിന്റെ ബന്ധുക്കള്‍. ഹൈക്കോടതി ജഡ്ജിയായ എബ്രഹാം മാത്യുവിനെതിരെയാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തെളിവായി കോളേജ് അധികൃതരും എബ്രഹാം മാത്യുവും ഒന്നിച്ച് നില്‍ക്കുന്ന ചിത്രവും ഉണ്ട്.

ലക്കിടി ജവഹര്‍ ലോ കോളേജില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ നടന്ന പഠനയാത്രയില്‍ എബ്രഹാം മാത്യു മുഖ്യാതിഥിയായിരുന്നു. കൃഷ്ണദാസിനൊപ്പം പ്രതിയാക്കപ്പെട്ട ലീഗല്‍ അഡൈ്വസര്‍ സുചിത്രയ്ക്കും പ്രിന്‍സിപ്പലിനും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം ഇദ്ദേഹം നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ ആരോപണത്തിന് തെളിവായി ചൂണ്ടിക്കാണിക്കുന്നത്.


Also Read: എട്ട് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് പോകുന്ന വിമാനങ്ങളില്‍ ലാപ്‌ടോപ്പും ഐപാഡും കൊണ്ടുപോകുന്നത് നിരോധിച്ചു


കോളേജ് പ്രിന്‍സിപ്പല്‍ തന്റെ അടുത്ത സുഹൃത്താണെന്ന് എബ്രഹാം മാത്യു പഠനയാത്രയ്ക്കിടെ പറഞ്ഞതായും ആരോപണമുണ്ട്. ഈത്രയും ദൗര്‍ഭാഗ്യകരമായ അവസ്ഥയിലേക്ക് നീതിന്യായവ്യവസ്ഥ മാറിയോ എന്നാണ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ചോദിക്കുന്നത്. ഇത് സങ്കടകരമാണെന്നും അവര്‍ പറയുന്നു.

ഷഹീര്‍ ഷൗക്കത്തിനെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ വിയ്യൂര്‍ സബ് ജയിലിലാണ് കൃഷ്ണദാസ് ഉള്ളത്. കൃഷ്ണദാസിന്റേയും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ടവരുടേയും ജാമ്യാപേക്ഷ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.