| Monday, 22nd August 2022, 1:42 pm

ദളിത് യുവതിക്കെതിരായ ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്.

കേസില്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതി വിധിക്കെതിരെ അതിജീവിത നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിശദീകരണം തേടിക്കൊണ്ട് നോട്ടീസ് അയച്ചിരിക്കുന്നത്.

പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഇരയ്ക്ക് കോടതിയെ സമീപിക്കാന്‍ ആകുമോ എന്നും ഹൈക്കോടതി ചോദിച്ചു.

ലൈംഗിക പീഡനക്കേസില്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്തായിരുന്നു അതിജീവിത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജാമ്യം നല്‍കിയ ഉത്തരവില്‍ നിയമവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്നും അതിജീവിത ഹരജിയില്‍ പറയുന്നുണ്ട്.

‘ദളിത് യുവതിയാണ് എന്ന് അറിഞ്ഞുകൊണ്ടായിരുന്നു പീഡനം’ എന്നും തന്റെ അച്ഛന്‍ മരിച്ചതിനാലും മാനസിക സമ്മര്‍ദം നേരിട്ടതിനാലുമാണ് സംഭവത്തില്‍ പരാതി നല്‍കാന്‍ വൈകിയതെന്നും ഹരജിയില്‍ അതിജീവിത വ്യക്തമാക്കുന്നു.

അതിജീവിതയുടൈ ഹരജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

യുവ എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതി കൊയിലാണ്ടി പൊലീസിലായിരുന്നു സിവിക് ചന്ദ്രനെതിരെ പരാതി നല്‍കിയിരുന്നത്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ കോഴിക്കോട് കൊയിലാണ്ടിയില്‍ വെച്ച് പരാതിക്കാരിയുടെ പുസ്തകത്തിന്റെ പ്രകാശനം നടന്നിരുന്നെന്നും അതിനിടെയാണ് ലൈംഗിക അതിക്രമമുണ്ടായതെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.

പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന വകുപ്പ് കൂടി ചേര്‍ത്തായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കോഴിക്കോട് ജില്ലാ കോടതി സിവിക്കിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

ഇതിന് തൊട്ടുപിന്നാലെ തന്നെ വിധിക്കെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിക്കുമെന്ന് അതിജീവിതമാര്‍ക്കൊപ്പം ഐക്യദാര്‍ഢ്യ കൂട്ടായ്മ പ്രതികരിച്ചിരുന്നു.

ദളിത് യുവതിക്ക് പിന്നാലെ മറ്റൊരു സ്ത്രീയും സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡനാരോപണമുന്നയിച്ചിരുന്നു. ഈ കേസിലും സിവിക്കിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച് നല്‍കിയിരുന്നു.

Content Highlight: High Court issues notice against Civic Chandran on the case of sexually abusing Dalit Woman writer

We use cookies to give you the best possible experience. Learn more