പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ
Palarivattom Over Bridge
പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th October 2019, 3:18 pm

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പാലം പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് സ്ട്രക്ചറല്‍ ആന്‍ഡ് ജിയോ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്‌സും ഇതിന്റെ മുന്‍ പ്രസിഡന്റ് അനില്‍ ജോസഫും നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവിട്ടത്.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ പാലം പൊളിക്കരുതെന്നും ലോഡ് ടെസ്റ്റ് നടത്തുന്നതില്‍ വിദഗ്ധരുമായി ആലോചിച്ച് സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു.

പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തിയശേഷം പാലം പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കണമെന്ന ഇ. ശ്രീധരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പാലം പൊളിക്കാനുള്ള സര്‍ക്കാരിന്റെ നടപടി. സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കാന്‍ ഇ. ശ്രീധരനെ തന്നെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ അറ്റക്കുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാന്‍ കഴിയുമോയെന്നു പരിശോധിക്കാതെ പൊളിക്കാനുള്ള തീരുമാനം തടയണമെന്നും സമയ ബന്ധിതമായി ലോഡ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും, ഇ. ശ്രീധരന്റെ വാക്കുകളുടെ അടിസ്ഥാനത്തിലാണ് പൊളിക്കാന്‍ പോകുന്നതെന്നും ഹരജിയില്‍ പറയുന്നുണ്ട്. അറ്റക്കുറ്റപ്പണി നടത്തിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ചെന്നൈ ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ഒരാളുടെ മാത്രം വാക്കിന്റെ ബലത്തില്‍ പാലം പൊളിക്കാന്‍ തീരുമാനിക്കുന്നതെന്നും ഹരജിയില്‍ പറയുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭാര പരിശോധനയടക്കം ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സാവകാശം കോടതി സര്‍ക്കാരിന് നല്‍കിയത്. ഹരജി തീര്‍പ്പാവും വരെ പാലം പൊളിച്ചു പണിയാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.

Content Highlights: Kerala high court issued an interim order on demolition of palarivattom bridge

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ