ആലപ്പുഴ: പൊതുസ്ഥലങ്ങള്‍ കൈയ്യേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണമെന്ന സുപ്രിംകോടതിയുടെ ഉത്തരവ് എത്രയും പെട്ടന്ന് നടപ്പിലാക്കാന്‍ ജില്ലാ ജഡ്ജിമാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. 2009 സെപ്തംബറില്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് സുപ്രീംകോടതി ഹൈക്കോടതികളെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പൊതുസ്ഥലങ്ങളായ പാര്‍ക്കുകള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റുസ്ഥലങ്ങള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പൊതുസ്ഥലം കൈയ്യേറി ആരാധനാലങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും കളക്ടര്‍മാര്‍, ജില്ലാ മജിസ്ട്രേറ്റുമാര്‍, കമ്മിഷണര്‍മാര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് ഇവ കണ്ടെത്തി ഒഴിപ്പിക്കാനുള്ള ഉത്തരവാദിത്വമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
വിധി നടപ്പാക്കാന്‍ ഹൈക്കോടതി മേല്‍നോട്ടം വഹിക്കുമെന്നും ഇക്കാര്യത്തില്‍ അന്തിമ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് നേരിട് ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
2009-ല്‍ പുറപ്പെടുവിച്ച വിധി നടപ്പിലാക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നിസ്സംഗത കാണിച്ചിരുന്നു. തുടര്‍ന്ന് 2010 ഫെബ്രുവരി 16-ന് സുപ്രീംകോടതി പുതിയ നിര്‍ദേശം നല്‍കി. ആറ് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ ഇതിനായുള്ള പദ്ധതി രൂപവത്കരിക്കണമെന്നും ഒഴിപ്പിക്കാനെടുക്കുന്ന സമയം സുപ്രീംകോടതിയെ അറിയിക്കണമെന്നുമായിരുന്നു നിര്‍ദേശം.
എന്നാല്‍ കേരളത്തില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. വിധി നടപ്പാക്കാന്‍ ഇനിയും വൈകിയാല്‍ ചീഫ് സെക്രട്ടറിയും കളക്ടര്‍മാരും ജില്ലാ മജിസ്ട്രേറ്റുമാരുമായിരിക്കും ഉത്തരവാദികളെന്ന് കോടതി ഓര്‍മ്മപ്പെടുത്തി.
നേരത്തെ ജനുവരി 31-ന് സുപ്രീംകോടതിയില്‍ ഇതേ കേസ് എത്തിയപ്പോള്‍ ഉത്തരവ് നടപ്പാക്കാന്‍ എല്ലാ കക്ഷികളും സമവായത്തിലെത്തിയിരുന്നു.