കൊച്ചി: വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട ഓണാഘോഷത്തില്‍ ഇടപെട്ട് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഘോഷ പരിപാടികളില്‍ വാഹനങ്ങളില്‍ നടത്തുന്ന വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട പ്രകടനങ്ങള്‍ക്ക് അനുവാദം നല്‍കരുതെന്ന് ഹൈക്കോടതി പറഞ്ഞു.
കോഴിക്കോട് ഫാറൂഖ് കോളജിലെയും കണ്ണൂര്‍ കാഞ്ഞിരോട് നെഹ്‌റു കോളേജിലെയും ഓണാഘോഷത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനത്തെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍.
ഇക്കാര്യത്തില്‍ പൊലീസ് മേധാവിയും ഗതാഗത കമ്മീഷണറും നടപടി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് അതിരുവിട്ട വിദ്യാര്‍ത്ഥികളുടെ ആഘോഷത്തില്‍ ഹൈക്കോടതി ഇടപെട്ടത്. ഇക്കാര്യത്തില്‍ ഗതാഗത കമ്മീഷണര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി അറിയിച്ചു.
ഇരു കോളേജിലെയും അതിരുവിട്ട ഓണാഘോഷത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ വേണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. വാഹന ഉടമക്കും വാഹനമോടിച്ച വ്യക്തിക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്.
വിദ്യാര്‍ത്ഥികള്‍ നിരത്തിലിറക്കിയ മുഴുവന്‍ വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കി. നിരത്തില്‍ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൈമാറണമെന്നും വാഹനങ്ങള്‍ രൂപമാറ്റം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
വാഹനങ്ങള്‍ പരിശോധിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. തുടര്‍ന്ന് സംഭവത്തില്‍ നടപടി സ്വീകരിച്ചതായി എം.വി.ഡി കോടതിയെ അറിയിച്ചു. വാഹനമോടിച്ചവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ കോടതിയെ ബോധിപ്പിച്ചു.
ഓണഘോഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കൈവശങ്ങളില്‍ നിന്ന് പിടിച്ചെടുത്ത വാഹനങ്ങളുടെ ഫോട്ടോയും എം.വി.ഡി കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട അഭ്യാസങ്ങള്‍ക്കെതിരായ ഹരജി 27ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കഴിഞ്ഞ ദിവസം ഫാറൂഖ് കോളേജിലെ ഓണാഘോഷത്തിനായി വിദ്യാര്‍ത്ഥികള്‍ നിരത്തിലിറക്കിയ പത്ത് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ അഞ്ച് വാഹങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഗതാഗത നിയമം ലംഘിച്ചതിന് വാഹങ്ങള്‍ക്ക് പിഴയും ചുമത്തിയിരുന്നു.
കണ്ണൂരില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് ആര്‍.ടി.ഒ വെള്ളിയാഴ്ച റദ്ദാക്കി. മുഹമ്മദ് നിഹാല്‍, മുഹമ്മദ് റസ് ലന്‍, മുഹമ്മദ് അഫ്നാന്‍ എന്നിവരുടെ ലൈസന്‍സ് ആണ് റദ്ദാക്കിയത്. ഇവരുടെ രക്ഷിതാക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുമായെത്തിയാണ് ഓണാഘോഷത്തില്‍ അഭ്യാസ പ്രകടനം നടത്തിയത്.
സമാനമായ രീതിയിലായിരുന്നു ഫാറൂഖ് കോളേജിലെയും വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിന് സമീപത്തായുള്ള റോഡുകളില്‍ പ്രകടനം നടത്തിയത്. സെപ്റ്റംബര്‍ 11ബുധനാഴ്ചയാണ് സംഭവം നടന്നത്. അന്നേദിവസം എം.വി.ഡിയും പൊലീസും ഇക്കാര്യത്തില്‍ നടപടിയെടുത്തിരുന്നു.
Content Highlight: High Court intervened in students’ rediculous Onam celebrations