ആന എഴുന്നള്ളിപ്പ് മാനദണ്ഡം ലംഘിച്ചു; തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിനെതിരെ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിച്ചു
Kerala News
ആന എഴുന്നള്ളിപ്പ് മാനദണ്ഡം ലംഘിച്ചു; തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിനെതിരെ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th December 2024, 5:50 pm

കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ച് കേരള ഹൈക്കോടതി. കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ച് തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ ആനകളെ എഴുന്നള്ളിച്ചതിനെ തുടര്‍ന്നാണ് കോടതി അലക്ഷ്യനടപടികള്‍ ആരംഭിച്ചത്.

നിര്‍ദേശങ്ങള്‍ മാനിക്കാതെ എഴുന്നള്ളിപ്പ് നടത്തിയതില്‍ ദേവസ്വം ഓഫീസര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ദേവസ്വം ഓഫീസര്‍ നല്‍കിയ സത്യവാങ്മൂലം സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കോടതി നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കാന്‍ മനപൂര്‍വമായ ശ്രമമുണ്ടായെന്ന് കരുതേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

15 ആനകളെയും എഴുന്നള്ളിച്ചില്ലെങ്കില്‍ ഭക്തര്‍ എതിരാകുമെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും നിയമം പാലിക്കാത്ത സ്ഥിതി തുടരുന്നത് നിയമം ഇല്ലാത്ത നാടായി മാറാന്‍ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

ആന എഴുന്നള്ളിപ്പില്‍ പുറപ്പെടുവിച്ച മാനദണ്ഡം ലംഘിച്ചതിന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിനെതിരെ കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി മുന്നോട്ടുവന്നിരുന്നു. മതത്തിന്റെ പേരില്‍ എന്തും ചെയ്യാനാകില്ലെന്നും ഉത്തരവ് ലംഘിച്ചത് കോടതിയോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

എഴുന്നള്ളിക്കുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും ആനയും ആളുകളും തമ്മില്‍ എട്ട് മീറ്റര്‍ അകലവും പാലിക്കണമെന്ന മാനദണ്ഡമാണ് ക്ഷേത്രം ലംഘിച്ചത്.

മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനയെ എഴുന്നള്ളിക്കാന്‍ പാടുള്ളു എന്നും രണ്ട് എഴുന്നള്ളിപ്പ് ഉള്ളപ്പോള്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം നല്‍കണമെന്നുമായിരുന്നു മാനദണ്ഡം. കൂടാതെ ആനകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ 100 കിലോ മീറ്ററില്‍ കൂടുതല്‍ കൊണ്ടുപോകരുതെന്നും നേരത്തെ അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. ആനകളെ നടത്തിക്കുകയാണെങ്കില്‍ 30 കിലോമീറ്ററില്‍ കൂടുതല്‍ നടത്താനും പാടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം ആന എഴുന്നള്ളിപ്പില്‍ നിയന്ത്രണം നടപ്പിലാക്കിയതില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ പൂരപ്രേമി സംഘം ചീഫ് ജസ്റ്റിസിനാണ് പരാതി നല്‍കിയിരുന്നു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നായിരുന്നു പൂരപ്രേമികളുടെ ആവശ്യം.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാര്‍ക്ക് എതിരെയാണ് പരാതി നല്‍കിയത്. കേരളത്തിലെ ആചാര പെരുമ തകര്‍ക്കാന്‍ വിദേശ ഗൂഢാലോചനയുണ്ടെന്നും സംഘം പരാതിയില്‍ ആരോപിച്ചു.

Content Highlight: High Court initiates contempt of court proceedings against Purnathrayesa Temple for violating the elephant removal norms