| Monday, 25th September 2017, 1:52 pm

കേരളത്തിലുമൊരു റാം റഹീം സിങ് വേണമോ? വിവാദയോഗാ കേന്ദ്രത്തിനെതിരെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അന്യമതക്കാരെ വിവാഹം ചെയ്യുന്ന ഹിന്ദു യുവതികളെ പീഡിപ്പിച്ചും മര്‍ദ്ദിച്ചും ഘര്‍വാപസി നടത്തിക്കുന്നു എന്ന ആരോപണം നേരിടുന്ന കൊച്ചിയിലെ യോഗ കേന്ദ്രത്തിനെതിരെ ഹൈക്കോടതി. യോഗാ കേന്ദ്രത്തില്‍ യുവതി പീഡിപ്പിക്കപ്പെട്ട പരാതി പരിഗണിച്ച കോടതി കേരളത്തിലുമൊരു റാം റഹീം സിങ് വേണമോയെന്ന് ചോദിച്ചു.

കേസില്‍ വിവാദ യോഗ സെന്ററിനേയും കക്ഷി ചേര്‍ക്കണമെന്ന് കോടതി പറഞ്ഞു. ഹര്‍ജി നാളെ പരിഗണിക്കും.

തൃശൂര്‍ സ്വദേശിനിയായ ആയുര്‍വേദ ഡോക്ടറും ഭര്‍ത്താവുമാണ് യോഗാ കേന്ദ്രത്തില്‍ മിശ്രവിവാഹം ചെയ്തതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടു എന്നാരോപിച്ച് കോടതിയെ സമീപിച്ചത്. യോഗ കേന്ദ്രത്തിലെ പീഡനങ്ങള്‍ വിശദീകരിക്കുന്ന സത്യവാങ്മൂലവും യുവതി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

22 ദിവസം തടങ്കലില്‍ പാര്‍പ്പിച്ച് തന്നെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് യുവതിയെ കോടതിയെ അറിയിച്ചത്.

ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച യുവതിയെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടിയാണ് ബന്ധുക്കള്‍ അവിടെ എത്തിച്ചതെന്നാണ് യുവതി ആരോപിക്കുന്നത്. യോഗാകേന്ദ്രത്തില്‍ നിന്നും യുവതി രക്ഷപ്പെട്ട് പോരുകയായിരുന്നു.

മിശ്രവിവാഹിതരായ പെണ്‍കുട്ടികളെയും മതം മാറിയവരെയുമാണ് ഇവിടെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഇത്തരത്തില്‍ 65 പേര്‍ ഇവിടെ കഴിയുന്നുണ്ടെന്നും യുവതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എതിര്‍ക്കുന്നവരെ കെട്ടിയിട്ട് മര്‍ദിക്കുകയാണെന്നും പലരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more