| Thursday, 5th October 2023, 3:42 pm

സമൂഹ മാധ്യമങ്ങളിലെ സിനിമകളുടെ നെഗറ്റീവ് റിവ്യൂവിൽ ഹൈക്കോടതി ഇടപെടൽ; കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് വിശദീകരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി : സിനിമ റിലീസ് ചെയ്യുമ്പോൾ തന്നെ തിയേറ്ററുകൾ കേന്ദ്രീകരിച്ച് ഓൺ ലൈൻ വ്ലോഗർമാർ ചെയ്യുന്ന നെഗറ്റീവ് റിവ്യൂകൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. സംവിധായകൻ മുബീൻ റൗഫിന്റെ ഹരജിയിലാണ് ഹൈക്കോടതി നിർദേശം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ഒരു സിനിമ എന്നത് വർഷങ്ങളോളം സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും ചേർന്ന ഒരു ടീമിന്റെ സ്വപ്നവും അധ്വാനവും ആണ്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം കാണാൻ പോലും നിൽക്കാതെ സിനിമക്കെതിരെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണം എന്നാവശ്യപ്പെട്ടാണ് നാളെ റിലീസ് ചെയ്യാൻ പോകുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയ’ത്തിന്റെ സംവിധായകൻ മുബീൻ റൗഫ് കേരള ഹൈക്കോടതിയെ സമീപിച്ചത്.

ചലച്ചിത്ര നിരൂപണം എന്നത് ഏറെ വിശ്വാസ്യവും ഏറെ അംഗീകാരമുള്ളതുമായ ഒരു മേഖലയായിരുന്നു. എന്നാൽ ഇന്ന് ഒരു സ്മാർട്ട്‌ ഫോൺ ഉള്ള ആർക്കും സിനിമയെന്ന കലാസൃഷ്ടിയെ കരിവാരി തേക്കാൻ നെഗറ്റീവ് റിവ്യൂ ചെയ്യാൻ കഴിയും എന്ന അവസ്ഥയിലെത്തി. അത് മാറണം എന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.

‘കഴിഞ്ഞ കാലഘട്ടങ്ങളിൽ നിരവധി മലയാള സിനിമകൾക്ക് ഇത്തരത്തിലുള്ള ദുരനുഭവമുണ്ടായി. പക്ഷെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ ഇവയെല്ലാം മികച്ച പ്രേക്ഷക പ്രതികരണം സൃഷ്ടിച്ചു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ നെഗറ്റീവ് റിവ്യൂ ചെയ്യരുത് എന്നാവശ്യപ്പെട്ട് മുന്നോട്ടു വന്നിട്ടുണ്ട്.

സിനിമാ റിലീസിന് മുൻപ് പ്രൊഡ്യൂസറെയും പിന്നണി പ്രവർത്തരെയും വിളിച്ച് ഭീഷണിപ്പെടുത്തി നെഗറ്റീവ് റിവ്യൂ ഇടാതിരിക്കാൻ പണമാവശ്യപ്പെടുന്ന സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്,’ ഹരജിക്കാരൻ പറഞ്ഞു.

സിനിമ റിലീസ് ചെയ്യുമ്പോൾ ഓൺലൈൻ റിവ്യൂവർമാരുടെ ഭീഷണിക്ക് സിനിമാ പ്രവർത്തകർ വഴങ്ങേണ്ട സാഹചര്യവും നിലവിലുള്ളതിനാൽ
സോഷ്യൽ മീഡിയകളിലെ സിനിമാ റിവ്യൂവിന് മാർഗനിർദേശങ്ങൾ കൊണ്ട് വരികയും നിയന്ത്രണം നടപ്പിലാക്കുകയും ചെയ്യണമെന്ന് ഹരജിക്കാരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

അഡ്വ. ശ്യാം പത്മനെ ഹൈക്കോടതി ഇക്കാര്യത്തിൽ അമിക്കസ് ക്യൂറി ആയി നിയമിച്ചു. ഹരജിക്കാരന് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ സി.ആർ. രഖേഷ് ശർമ ഹാജരായി. ഹരജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

Content Highlight: High Court in Negative reviews of movies on social media

Latest Stories

We use cookies to give you the best possible experience. Learn more