കൊച്ചി: ഇ.ഡി വ്യക്തിവിവരങ്ങള്‍ തേടുന്നതിൽ സംശയമുണ്ടെന്ന് ഹൈക്കോടതി. കിഫ്ബി മസാല ബോണ്ടുകളിറക്കിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
മസാലബോണ്ടുകള്‍ ഇറക്കിയതില്‍ വിദേശനാണ്യ വിനിമയ നിയമത്തിന്റെ(ഫെമ) ലംഘനമുണ്ടോയെന്ന അന്വേഷണത്തിന് മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവരുടെ വ്യക്തിവിവരങ്ങള്‍ തേടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇത്തരം കാര്യങ്ങളില്‍ അന്വേഷണം ആവശ്യമാണോ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ ആരാഞ്ഞു.
കേസ് അന്വേഷിക്കാനെന്ന പേരില്‍ ഇ.ഡി. തുടര്‍ച്ചയായി സമന്‍സ് നല്‍കി ബുദ്ധിമുട്ടിക്കുന്നെന്നാരോപിച്ച് തോമസ് ഐസക്കിനെ കൂടാതെ കിഫ്.ബി സി.ഇ.ഒ കെ.എം. ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് എന്നിവര്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.