| Sunday, 5th May 2024, 3:16 pm

ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നിഷേധം അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനം: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നിഷേധിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കേരള ഹൈക്കോടതി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയാകുന്ന സംഭവത്തില്‍ ഗര്‍ഭഛിദ്രം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ഒരാളെ പ്രസവിക്കാന്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ല. വിവാഹേതര ബന്ധത്തിലായാലും ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ഗര്‍ഭിണിയായതായാലും സ്ത്രീകള്‍ അനുഭവിക്കുന്നത് കടുത്ത ബുദ്ധിമുട്ടുകളായിരിക്കുമെന്നും കോടതി പറഞ്ഞു.

ജീവനോടെയാണ് കുട്ടിയെ പുറത്തെടുക്കുന്നതെങ്കില്‍, കുഞ്ഞിനെ ഏറ്റെടുക്കാന്‍ ഹരജിക്കാര്‍ക്ക് താത്പര്യമില്ലാത്ത പക്ഷം പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്തിന്റേതാണ് നിരീക്ഷണം. 16കാരിയുടെ 27 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയുള്ള ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. പെണ്‍കുട്ടിയുടെ അമ്മയാണ് ഗര്‍ഭഛിദ്രത്തിനുള്ള അനുമതി തേടി കോടതിയെ സമീപിച്ചത്.

കാമുകനായ 19കാരനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഗര്‍ഭം 27 ആഴ്ചയായെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചതിന് പിന്നാലെയാണ് കോടതി ഉത്തരവ്.

ദിവസങ്ങള്‍ക്ക് മുമ്പ് ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് സുപ്രീം കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിരുന്നു. മുംബൈ ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിധി. മാത്രവുമല്ല ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട ചിലവുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ഗര്‍ഭഛിദ്രം നടത്തുന്നതിനേക്കാള്‍ അപകട സാധ്യതയാണ് പെണ്‍കുട്ടി പ്രസവിച്ചാല്‍ ഉണ്ടാകുക എന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് കണക്കിലെടുത്ത് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുകയണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉത്തരവിടുകയായിരുന്നു.

Content Highlight: High Court held that denial of permission for abortion is a violation of the right to live with dignity

We use cookies to give you the best possible experience. Learn more