കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രക്ക് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നിഷേധിച്ചതിനെതിരെ കോണ്‍ഗ്രസ് എം.പിമാരായ ടി.എന്‍ പ്രതാപനും ഹൈബി ഈഡനും നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിച്ചു. ടി.എന്‍. പ്രതാപന്‍ എം.പിയാണ് ഇക്കാര്യ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പോലും അനുമതി നിഷേധിക്കുന്നതെങ്ങിനെയെന്ന് കോടതി ചോദിച്ചതായി ടി.എന്‍. പ്രതാപന്‍ പറഞ്ഞു. യാത്രാനുമതി നിഷേധിച്ച കാര്യത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനോട് വിശദീകരണം ചോദിച്ചതായും ടി.എന്‍. പ്രതാപന്‍ പറഞ്ഞു.
ക്വാറന്റൈന്‍ മാനദണ്ഡങ്ങളുമൊന്നും പാലിക്കാതെ അഡ്മിനിസ്‌ട്രേറ്ററും നിരവധി ഉദ്യോഗസ്ഥരും ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യുകയും അവിടെ പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ടെന്ന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദ്വീപിലേക്ക് യാത്ര ചെയ്യുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ഏഴ് ദിവസം ക്വാറന്റൈന്‍ ഇരിക്കണമെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് എം.പിമാരുടെ
ആവശ്യം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നിഷേധിച്ചത്. എം.പിമാര്‍ എഴുദിവസം ക്വാറന്റൈനിലിരിക്കാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാണിച്ചിട്ടും അനുമതി നല്‍കിയിരുന്നില്ല.
‘കോടതിയിലാണ് ഈ രാജ്യത്തെ സാധാരണക്കാരനും, പാര്‍ലമെന്റംഗങ്ങളായ ഞങ്ങള്‍ക്കുമെല്ലാം അവസാന പ്രതീക്ഷയുള്ളത്. നീതി പുലരുക തന്നെ ചെയ്യും എന്നാണ് പ്രതീക്ഷ.
ഏതു പ്രതിബന്ധങ്ങളുണ്ടായാലും ലക്ഷദ്വീപിലെ സഹോദരന്മാര്‍ക്കൊപ്പമുണ്ടാവും എത്ര പ്രതിസന്ധികള്‍ തരണം ചെയ്തായാലും നിയമപോരാട്ടം നടത്തിയായാലും അവരെ കാണാന്‍, അവരെ കേള്‍ക്കാന്‍ വൈകാതെ ഞങ്ങളെത്തും,’ ടി.എന്‍. പ്രതാപന്‍ പറഞ്ഞു.
അതേസമയം, രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട ലക്ഷദ്വീപ് ആക്ടിവിസ്റ്റും സിനിമാ സംവിധായികയുമായ ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നീട്ടിവെച്ച കോടതി ഒരാഴ്ച കാലാവധിയുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. കേസില്‍ അറസ്റ്റ് ആവശ്യമാണെങ്കില്‍ കോടതിയെ അറിയിച്ച ശേഷമേ നടപടി സ്വീകരിക്കാവൂ എന്നാണ് ഈ ഉത്തരവില്‍പറയുന്നത്.
അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അതേസമയം ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: High Court hears petition filed by Congress MPs TN Pratapan and Hibi Eden against administration’s denial of permission to travel to Lakshadweep