കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രക്ക് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നിഷേധിച്ചതിനെതിരെ കോണ്‍ഗ്രസ് എം.പിമാരായ ടി.എന്‍ പ്രതാപനും ഹൈബി ഈഡനും നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിച്ചു. ടി.എന്‍. പ്രതാപന്‍ എം.പിയാണ് ഇക്കാര്യ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പോലും അനുമതി നിഷേധിക്കുന്നതെങ്ങിനെയെന്ന് കോടതി ചോദിച്ചതായി ടി.എന്‍. പ്രതാപന്‍ പറഞ്ഞു. യാത്രാനുമതി നിഷേധിച്ച കാര്യത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനോട് വിശദീകരണം ചോദിച്ചതായും ടി.എന്‍. പ്രതാപന്‍ പറഞ്ഞു.
ക്വാറന്റൈന്‍ മാനദണ്ഡങ്ങളുമൊന്നും പാലിക്കാതെ അഡ്മിനിസ്‌ട്രേറ്ററും നിരവധി ഉദ്യോഗസ്ഥരും ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യുകയും അവിടെ പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ടെന്ന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദ്വീപിലേക്ക് യാത്ര ചെയ്യുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ഏഴ് ദിവസം ക്വാറന്റൈന്‍ ഇരിക്കണമെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് എം.പിമാരുടെ
ആവശ്യം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നിഷേധിച്ചത്. എം.പിമാര്‍ എഴുദിവസം ക്വാറന്റൈനിലിരിക്കാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാണിച്ചിട്ടും അനുമതി നല്‍കിയിരുന്നില്ല.
‘കോടതിയിലാണ് ഈ രാജ്യത്തെ സാധാരണക്കാരനും, പാര്‍ലമെന്റംഗങ്ങളായ ഞങ്ങള്‍ക്കുമെല്ലാം അവസാന പ്രതീക്ഷയുള്ളത്. നീതി പുലരുക തന്നെ ചെയ്യും എന്നാണ് പ്രതീക്ഷ.
ഏതു പ്രതിബന്ധങ്ങളുണ്ടായാലും ലക്ഷദ്വീപിലെ സഹോദരന്മാര്‍ക്കൊപ്പമുണ്ടാവും എത്ര പ്രതിസന്ധികള്‍ തരണം ചെയ്തായാലും നിയമപോരാട്ടം നടത്തിയായാലും അവരെ കാണാന്‍, അവരെ കേള്‍ക്കാന്‍ വൈകാതെ ഞങ്ങളെത്തും,’ ടി.എന്‍. പ്രതാപന്‍ പറഞ്ഞു.