കൊച്ചി: ജീവനക്കാരുടെ ശമ്പളം വൈകുന്നതില്‍ കെ.എസ്.ആര്‍.ടി.സിയെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ജീവനക്കാരുടെ കണ്ണീര്‍ ആരെങ്കിലും കാണണമെന്ന് പറഞ്ഞ കോടതി ശമ്പളം കിട്ടാതെ എങ്ങനെ ജീവനക്കാര്‍ക്ക് ജീവിക്കാനാകുമെന്നും ചോദിച്ചു. ബസുകള്‍ ക്ലാസ് മുറിയാക്കുന്നത് നിര്‍ത്തി സര്‍വീസ് നേരെയാക്കാനാണ് ശ്രമിക്കേണ്ടതെന്നും കോടതി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയുടെ സമയക്രമത്തെ തെറ്റിക്കുന്ന രീതിയിലാണ് തൊഴിലാളികളുടെ സമരമെങ്കില്‍ അവരെ സഹായിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു.
‘മാനേജ്‌മെന്റ് എന്ന് പറഞ്ഞാല്‍ വെറുതെ ഒപ്പിട്ടാല്‍ മാത്രം പോരാ. കെ.എസ്.ആര്‍.ടി.സി ലാഭകരമാക്കാനുള്ള തന്ത്രങ്ങള്‍ ഉണ്ടാക്കണം. പല ഡിപ്പോയിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല.
എന്തുകൊണ്ടാണ് സ്വകാര്യ ബസുകള്‍ ഇവിടെ നല്ല രീതിയില്‍ നിലനില്‍ക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഓരോ സമയത്ത് ഓരോന്ന് കാണിച്ചുകൂട്ടുകയാണ്. ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാനാണ് ഇതൊക്കെ ചെയ്യുന്നത്,’ കോടതി പറഞ്ഞു.
ഒരുപാട് ചുമതലകളുള്ള ഒരാളെ എന്തിനാണ് സി.എം.ഡി ആക്കിയതെന്നും കെ.എസ്.ആര്‍.ടി.സി പോലെ ഇത്രയും പ്രശ്‌നങ്ങളുള്ള ഒരു സ്ഥാപനത്തില്‍ അത് വേണമായിരുന്നോയെന്നും കോടതി ചോദിച്ചു.
അതേസമയം, കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളം നല്‍കുന്നതില്‍ വിവേചനം കാണിക്കരുതെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. സാധാരണക്കാരായ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞിരുന്നു.
തങ്ങള്‍ക്ക് ശമ്പളം നല്‍കാത്തിടത്തോളം ഉന്നത ഓഫീസര്‍മാരുടെയും ശമ്പളം തടയണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം നല്‍കേണ്ടതാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ശമ്പളം നല്‍കുന്ന രീതി നടക്കില്ലെന്നും കോടതിയുടെ മുന്നറിയിപ്പുണ്ടായിരുന്നു.