| Friday, 1st November 2024, 8:43 am

തദ്ദേശ തെരഞ്ഞെടുപ്പില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം; സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ആലുവ സ്വദേശി ഗാര്‍ഗ്യന്‍ സുധീരന്‍ നല്‍കിയ ഹരജിയിലാണ് നീക്കം.

ഭരണഘടന അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ 243 ഡി (6) പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാത്തത് വിവേചനവും തുല്യനീതിയുടെ ലംഘനമാണെന്നുമാണ് ഹരജിക്കാരന്റെ ഭാഗം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.

നിലവില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കേരളത്തില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 79 പിന്നാക്ക വിഭാഗങ്ങളുണ്ട്. ഇവര്‍ സംസ്ഥാന ജനസംഖ്യയിലെ ഭൂരിപക്ഷം കൂടിയാണ്.

അതേസമയം മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനുപുറമെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കാന്‍ തെലങ്കാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ണയിക്കാന്‍ ഒരു സ്വതന്ത്ര കമ്മീഷന്‍ രൂപീകരിക്കാന്‍ തെലങ്കാന ഹൈക്കോടതി രേവന്ത് റെഡ്ഡി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രാതിനിധ്യം വിലയിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നാക്ക വിഭാഗ ക്ഷേമ കമ്മീഷനെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയതിന് പിന്നാലെയായിരുന്നു കോടതിയുടെ ഇടപെടല്‍. മുന്‍ എം.പി ആര്‍ കൃഷ്ണയ്യ സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 42 ശതമാനം സംവരണം നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

Content Highlight: High Court has sought an explanation from the state government on reservation for backward classes in local elections

We use cookies to give you the best possible experience. Learn more