കൊച്ചി: അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. നിയമവിരുദ്ധമായി പരോള്‍ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ജയില്‍ ഡി.ജി.പി., സിസ്റ്റര്‍ സെഫി, ഫാ.കോട്ടൂര്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്.
കഴിഞ്ഞ മെയ് 11നാണ് ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും 90 ദിവസം പരോള്‍ അനുവദിച്ചിരുന്നത്. സി.ബി.ഐ. കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയും മുമ്പ് പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് ജോമോന്‍ പുത്തന്‍പുരക്കല്‍ എന്ന വ്യക്തി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സിയാദ് റഹ്മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
പരോള്‍ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണെന്നായിരുന്നു ജയില്‍ ഡി.ജി.പിയുടെ വിശദീകരണം. ഇത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്നും പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നും തിരുവനന്തപുരം സി.ബി.ഐ. കോടതി കഴിഞ്ഞ ഡിസംബറില്‍ വിധി പുറപ്പെടുവിച്ചിരുന്നു. കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വന്നത്.