കൊച്ചി: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ കൈവശമുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശവുമായി ഹൈക്കോടതി.
ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് എം.എല്‍.എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കണമെന്നാണവശ്യത്തില്‍ കൂടുതല്‍ സാവകാശം തേടി താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലം തള്ളിയാണ് കോടതി വിധി.
പി.വി. അന്‍വറും കുടുംബവും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവില്‍ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചതിന് പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്ന ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി ഭൂരഹിതനായ മലപ്പുറം സ്വദേശി കെ.വി. ഷാജി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നടപടി ക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി ആറു മാസത്തിനകം താമരശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍, താമരശ്ശേരി അഡീഷണല്‍ തഹസില്‍ദാര്‍ എന്നിവര്‍ മിച്ച ഭൂമി കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തീകരിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ച് 24ന് കോടതി ഉത്തരവിട്ടിരുന്നു.
എട്ട് മാസമായിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹരജി നല്‍കിയത്. മലപ്പുറം, കോഴിക്കോട് കലക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി.വി. അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നതായി അറിയിച്ചിരുന്നു.
മാര്‍ച്ച് 24ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി കെ.വി ഷാജിയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് എം.എല്‍.എയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ സര്‍വേ നമ്പറും വിസ്തീര്‍ണവും കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിന് കൂടുതല്‍ സമയംവേണമെന്നാണ് താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനായ കോഴിക്കേട് ഡെപ്യൂട്ടി കളക്ടര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് കോടതി തള്ളുകയായായിരുന്നു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ 226.82 എക്കര്‍ഭൂമി കൈവശം വെക്കുന്നതായി പി.വി. അന്‍വര്‍ സത്യവാംഗ്മൂലം നല്‍കിയിട്ടുണ്ടെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചു.
അതേസമയം, ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കാന്‍ ജസ്റ്റിസ് രാജ വിജയരാഘവന്‍ ഇടക്കാല ഉത്തരവിട്ടു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: High Court has directed that the process of reclaiming the surplus land held by Nilambur MLA PV Anwar should be completed soon