കൊച്ചി: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ കൈവശമുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശവുമായി ഹൈക്കോടതി.
ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് എം.എല്‍.എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കണമെന്നാണവശ്യത്തില്‍ കൂടുതല്‍ സാവകാശം തേടി താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലം തള്ളിയാണ് കോടതി വിധി.
പി.വി. അന്‍വറും കുടുംബവും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവില്‍ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചതിന് പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്ന ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി ഭൂരഹിതനായ മലപ്പുറം സ്വദേശി കെ.വി. ഷാജി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നടപടി ക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി ആറു മാസത്തിനകം താമരശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍, താമരശ്ശേരി അഡീഷണല്‍ തഹസില്‍ദാര്‍ എന്നിവര്‍ മിച്ച ഭൂമി കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തീകരിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ച് 24ന് കോടതി ഉത്തരവിട്ടിരുന്നു.
എട്ട് മാസമായിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹരജി നല്‍കിയത്. മലപ്പുറം, കോഴിക്കോട് കലക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി.വി. അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നതായി അറിയിച്ചിരുന്നു.