തൊവരിമല ഭൂസമരം; എം.പി കുഞ്ഞിക്കണാരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് ജാമ്യം
Thovarimala Land Struggle
തൊവരിമല ഭൂസമരം; എം.പി കുഞ്ഞിക്കണാരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2019, 10:00 pm

വയനാട്: തൊവരിമല ഭൂസമരത്തില്‍ അറസ്റ്റിലായ നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. അറസ്റ്റിലായ എം.പി കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, കെ.ജി മനോഹരന്‍ എന്നിവര്‍ക്കാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

എം.പി കുഞ്ഞിക്കണാരനും രാജേഷ് അപ്പാട്ടും അഞ്ചുമാസത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലും, വയനാട് ജില്ലക്കാരനായ കെ.ജി മനോഹരന്‍ തൊവരിമലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടേയുമാണ് ജാമ്യം അനുവദിച്ചത്.

തൊവരിമലയില്‍ വനഭൂമിയില്‍ കുടില്‍കെട്ടി സമരം സമരം ചെയ്യുന്ന ഇവരെ ചര്‍ച്ചയ്ക്കെന്ന് വ്യാജേന വിളിച്ചുകൊണ്ടുപോയി അറസ്റ്റ് ചെയ്യുകയായിരുന്നു.

കളക്ടര്‍ എത്തിച്ചേരുകയും ചര്‍ച്ച നടത്തുകയും ചെയ്യുമെന്ന് അറിയിക്കുകയും എന്നാല്‍ പിന്നീട് അതിന് മുന്‍പ് അറസ്റ്റ് അടക്കമുള്ള നടപടികളുമായി ഭരണകൂടം മുന്നോട്ടുപോകുകയുമായിരുന്നു.

മുമ്പ് ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മെയ് 6ന് ഭൂസമരസമിതിയുടെ കണ്‍വീനറും സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാറിന്റെ കേന്ദ്ര കമ്മിറ്റി അംഗവുമായ എം.പി കുഞ്ഞിക്കണാരന്‍ ജയിലില്‍ നിരാഹാര സമരം ആരംഭിച്ചിരുന്നു. പിന്നീട് കോഴിക്കോട് നടന്ന ഐക്യദാര്‍ഢ്യ സമിതിയുടെ കണ്‍വെന്‍ഷന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അദ്ദേഹം നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.

വനംവകുപ്പിന് കീഴിലുള്ള മിച്ചഭൂമി ഹാരിസണിന് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് ആയിരക്കണക്കിന് ഭൂരഹിതര്‍ ബത്തേരിക്ക് സമീപം തൊവരിമല ഹാരിസണ്‍ മലയാളം പ്ലാന്റേഷനോട് ചേര്‍ന്ന വനഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്.

ഇക്കഴിഞ്ഞ 21-ാം തിയതിയായിരുന്നു സമരം ആരംഭിച്ചത്. സി.പി.ഐം.എം.എല്‍ റെഡ് സ്റ്റാര്‍, ആള്‍ ഇന്ത്യാ ക്രാന്തികാരി കിസാന്‍ സഭാ, ഭൂസമരസമിതി, ആദിവാസി ഭാരത് മഹാസഭ തുടങ്ങിയവര്‍ സംയുക്തമായാണ് സമരം ചെയ്യുന്നത്.