കൊച്ചി: സംസ്ഥാനത്തെ മുന്‍നിശ്ചയിച്ച 250ലധികം വിഷു ചന്തകള്‍ തുടങ്ങാന്‍ കണ്‍സ്യൂമര്‍ ഫെഡിന് ഹൈക്കോടതിയുടെ അനുമതി. നേരത്തെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചന്തകള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം വിലക്കിയിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് കണ്‍സ്യൂമര്‍ ഫെഡ് സമര്‍പ്പിച്ച ഹരജിയിലാണ് ഇപ്പോള്‍ അനുകൂല വിധിയുണ്ടായിരിക്കുന്നത്. എന്നാല്‍ ചന്തകളെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കരുത് എന്നും കോടതി അറിയിച്ചു.
റംസാന്‍, വിഷു എന്നിവ പ്രമാണിച്ച് 250ലധികം കണ്‍സ്യൂമര്‍ ഫെഡ് ചന്തകള്‍ തുടങ്ങാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. 13 ഇനം സാധനങ്ങള്‍ ഇവിടങ്ങളില്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇത് വോട്ടര്‍മാരെ സ്വധീനിക്കാനുള്ള നടപടിയാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും അഞ്ച് കോടി രൂപ സര്‍ക്കാര്‍ സാധനങ്ങള്‍ക്കായി അഡ്വാന്‍സ് നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കണ്‍സ്യൂമര്‍ ഫെഡ് കോടതിയെ സമീപിച്ചത്.
എന്നാല്‍ തുടക്കത്തില്‍ സര്‍ക്കാറിന്റെ ഉദ്ദേശ ശുദ്ധിയെ വിമര്‍ശിച്ചിരുന്നെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത്‌കൊണ്ട് കണ്‍സ്യൂമര്‍ ഫെഡിന് അനുകൂലമായ തീരുമാനമെടുക്കുകയായിരുന്നു. ജനങ്ങളുടെ നിസഹായാവസ്ഥയെ തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് കോടതി പറഞ്ഞെങ്കിലും ചന്തകള്‍ തുടങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ഈ ചന്തകള്‍ക്ക് പബ്ലിസിറ്റി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂര്‍ണ അധികാരമുണ്ടായിരിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
content highlights: High Court gives permission to Consumer Fed to start Vishu Chantas