ചെന്നൈ: കോയമ്പത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. ബി.ജെ.പി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്റിന്റെ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
നിബന്ധനകളോടെ അനുമതി നല്‍കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
റോഡ് ഷോയുടെ റൂട്ടും ദൂരവും പൊലീസിന് തീരുമാനിക്കാം, എസ്.പി.ജിയുമായി പൊലീസ് കൂടിയാലോചിക്കണം, സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണം, അനുയായികൾ ഫ്ളക്സ് ബോർഡുകൾ വെക്കരുത് എന്നിങ്ങനെയാണ് കോടതി ഉത്തരവിലെ ഉപാധികൾ.
റോഡ് ഷോയ്ക്കുള്ള അനുമതി നിഷേധിച്ചത് പ്രധാനമന്ത്രിയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. നരേന്ദ്ര മോദിക്ക് സംസ്ഥാനത്ത് സുരക്ഷാ ഭീഷണി ഉണ്ടെന്നും റോഡ് ഷോ പരീക്ഷയുള്ള കുട്ടികളെ ബാധിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
അതേസമയം പ്രധാനമന്ത്രിക്ക് ഭീഷണി ഉണ്ടെങ്കില്‍ റോഡ് ഷോ നടത്താന്‍ എസ്.പി.ജി അനുമതി നല്‍കുമോ എന്ന് കോടതി പൊലീസിനോട് ചോദിച്ചിരുന്നു. റാലി നടത്താന്‍ തങ്ങളുടെ അനുമതിയും വേണമെന്നായിരുന്നു പൊലീസ് ചോദ്യത്തിന് നല്‍കിയ മറുപടി.
കോയമ്പത്തൂര്‍ ടൗണില്‍ നാല് കിലോമീറ്റര്‍ ദൂരത്തിലായി റോഡ് ഷോ നടത്തുന്നതിനാണ് സംസ്ഥാന പൊലീസില്‍ നിന്ന് ബി.ജെ.പി അനുമതി തേടിയിരുന്നത്. എന്നാല്‍ പ്രചരണ റാലിയുടെ സമാപനത്തിനായി ബി.ജെ.പി തെരഞ്ഞെടുത്തത് 1998ല്‍ ബോംബ് സ്ഫോടനം നടന്ന ആര്‍.എസ്.പുരം ആയിരുന്നു.