ചെന്നൈ: ഹിന്ദുമത വികാരം വൃണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് തമിഴ് താരം വിജയുടെ അച്ഛനെതിരായി കേസെടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദു മുന്നണിയെന്ന സംഘടനയുടെ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഒരു ചലച്ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗിനിടെ തിരുപതി ക്ഷേത്രത്തില്‍ ഇടുന്ന കാണിക്ക ദൈവത്തിനുള്ള കൈക്കൂലിയാണെന്ന് എസ്.ഐ ചന്ദ്രശേഖര്‍ പറഞ്ഞെന്നാരോപിച്ചായിരുന്നു ഹിന്ദു മുന്നണി പരാതി നല്‍കിയത്. എന്നാല്‍ നവംബറില്‍ പോലീസിന് നല്‍കിയ പരാതിയില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നു കാണിച്ച് സംഘടന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹിന്ദു മുന്നണിയുടെ പരാതിയെ തുടര്‍ന്ന് എസ്.എ ചന്ദ്രശേഖറിനെതിരെ കേസെടുക്കാമെന്ന് കോടതി പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.കഴിഞ്ഞ നവംബര്‍ ഇരുപത്തിയഞ്ചാം തിയ്യതിയാണ് ഹിന്ദു മുന്നണി പോലീസില്‍ പരാതി നല്‍കിയത്. തിരുപതി ക്ഷേത്രത്തില്‍ കാര്യം കാണുന്നതിനായി കാണിക്ക കൈക്കൂലി നല്‍കുകയായിരുന്നെന്നും ഇത്തരത്തില്‍ ആണെങ്കില്‍ പരീക്ഷക്ക് കുട്ടികള്‍ പഠിക്കേണ്ട കാര്യമില്ലെന്നും ചന്ദ്രശേഖര്‍ പറഞ്ഞന്നാണ് പരാതിയില്‍ പറയുന്നത്.
മുമ്പ് വിജയുടെ പുതിയ ചിത്രം മെര്‍സല്‍ റിലീസായപ്പോള്‍ ചിത്രത്തില്‍ ക്ഷേത്രങ്ങളെ കുറിച്ച് പരാമര്‍ശങ്ങളുണ്ടെന്നും വിജയ് ക്രിസ്ത്യാനിയായതിനാലാണ് ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും വിവിധ ഹിന്ദു സംഘടനകളും ബി.ജെ.പിയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.