| Saturday, 20th January 2024, 11:57 am

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; 15 പ്രതികളും കുറ്റക്കാരെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബി.ജെ.പി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രതികള്‍ ചെയ്തത് കൊലപാതകമാണെന്ന് കോടതി വ്യക്തമാക്കി. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദീന്‍, മുന്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.  വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

13, 14, 15 പ്രതികളായ സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കള്‍, ഷംനാസ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റവും കോടതി ചുമത്തിയിട്ടുണ്ട്. അതേസമയം ഒന്ന്, മൂന്ന്, ഏഴ് പ്രതികള്‍ സാക്ഷികളെ ഉപദ്രവിച്ചുവെന്ന കുറ്റവും ചെയ്തിട്ടുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.

പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളും 1000ത്തിലധികം രേഖകളും നൂറിലധികം തൊണ്ടിമുതലുകളുമാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ചത്. നിലവില്‍ പ്രതികള്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കേണ്ടതെന്ന വാദം കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ശിക്ഷാവിധി തിങ്കളാഴ്ച നടക്കുമെന്ന് കോടതി അറിയിച്ചു.

രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം നടന്നത് 2022 ഡിസംബര്‍ 19ന് ആണ്. ആലപ്പുഴയിലെ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി രഞ്ജിത്ത് ശ്രീനിവാസനെ കുറ്റവാളികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കുറ്റവാളികളും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.

കോടതി വിധിയില്‍ പൂര്‍ണ തൃപ്തരെന്ന് രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബം പ്രതികരിച്ചു. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Content Highlight: High Court found all 15 accused culprits in Ranjith Srinivasan murder case

We use cookies to give you the best possible experience. Learn more