ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതി കേസില്‍ നടന്‍ വിജയ്‌ക്കെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. നിശ്ചിത നികുതി ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കാനും കോടതി നിര്‍ദേശിച്ചു.
കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ച് കോടതി പരാമര്‍ശങ്ങള്‍ക്കൊപ്പം ഒരു ലക്ഷം രൂപയുടെ പിഴയും വിജയ്‌യുടെ മേല്‍ ചുമത്തിയിരുന്നു. ഇതും വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യത്തിലെ തുടര്‍ വാദവും ഓഗസ്റ്റ് 31 ന് നടക്കും.
പ്രവേശന നികുതി അടയ്ക്കാമെന്ന കേസ് പരിഗണിക്കവെ നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ സിംഗിള്‍ ബെഞ്ച് വിധിയിലെ അനാവശ്യമായ പരാമര്‍ശങ്ങള്‍ എല്ലാം നീക്കണം. സമാന കേസുകളില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വിജയ് യ്ക്ക് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ വിജയ് നാരായണ്‍ കോടതിയെ അറിയിച്ചിരുന്നു.
ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന് പ്രവേശന നികുതി ചുമത്തിയതിനെ ചോദ്യം ചെയ്ത് ആയിരുന്നു വിജയ് കോടതിയെ സമീപിച്ചത്. എന്നാല്‍ വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി ഒരു ലക്ഷം രൂപ പിഴയിടുകയായിരുന്നു.