സാറാ ജോസഫിന്റെ ഹര്‍ജി അപക്വമെന്ന് ഹൈക്കോടതി
Daily News
സാറാ ജോസഫിന്റെ ഹര്‍ജി അപക്വമെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th November 2014, 12:53 pm

sara-josephകൊച്ചി: ബാര്‍ കോഴ വിവാദത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എ.എ.പി നേതാവ് സാറാ ജോസഫ് നല്‍കിയ ഹര്‍ജി അപക്വമെന്ന് ഹൈക്കോടതി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരി സി.ബി.ഐ അന്വേഷണ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതിനാല്‍ ഹര്‍ജിക്കാരിയുടെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

ബാര്‍ കോഴ വിവാദത്തില്‍ ഇപ്പോള്‍ കോടതി ഇടപെടേണ്ട സാഹചര്യമില്ല. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസമാണ് ബാര്‍ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ.എം മാണിയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് സാറാ ജോസഫ് ഹര്‍ജി നല്‍കിയത്.

കേരളത്തിലെ മന്ത്രിയും പ്രമുഖ പാര്‍ട്ടിയുടെ നേതാവുമായ ആള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇത് തൃപ്തികരമല്ല. സര്‍ക്കാരിന്റെ കീഴിലുള്ള വിഭാഗമാണ് വിജിലന്‍സ്. അതുകൊണ്ടുതന്നെ വിജിലന്‍സിന്റെ അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സാറാ ജോസഫ് ഹര്‍ജി നല്‍കിയത്.

ബാര്‍ തുറയ്ക്കുന്നതിനായി ധനമന്ത്രി കെ.എം മാണി ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ് രംഗത്തെത്തിയിരുന്നു. ഇത് രാഷ്ട്രീയ കേരളത്തില്‍ വന്‍ ചര്‍ച്ചയായിരുന്നു.