കൊച്ചി: പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവത്തില്‍ നാല് പ്രതികളും പത്ത് ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി. സാബു, ദീപു, രാജേഷ്, പ്രമോദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇതില്‍ സാബു കേസില്‍ രണ്ടാം പ്രതിയും ദീപു, രാജേഷ്, പ്രമോദ് എന്നിവര്‍ മൂന്ന്, നാല്, അഞ്ച് പ്രതികളുമാണ്.
സി.പി.ഐ.എം ലെ വിഭാഗീയതയാണ് സ്മാരകം തകര്‍ക്കലിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. സ്മാരകം തകര്‍ക്കലിന് പിന്നില്‍ ഗ്രൂപ്പിസമാണെന്നത് സി.പി.ഐ.എം അംഗീകരിച്ചതിന്റെ തെളിവാണ് പാര്‍ട്ടിയിലെ സസ്‌പെന്‍ഷന്‍ നടപടിയെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ തെളിവെടുപ്പ് ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കപ്പെട്ടത്. സംഭവം നടന്നതിന് പിന്നാലെ പോലീസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രണ്ട് മാസം പോലീസ് അന്വേഷിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താനായില്ല. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ഐ.ജി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അഞ്ച് പ്രതികളെയായിരുന്നു പ്രതി ചേര്‍ത്തിരുന്നത്. പ്രതിപക്ഷ നേതാവായ വി.എസ് അച്യുതാന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് ലതീഷ് ചന്ദ്രനായിരുന്നു കേസില്‍ ഒന്നാം പ്രതി. നേരത്തെ കൊല്ലത്ത് ഇന്ദിര ഗാന്ധി പ്രതിമ തകര്‍ത്തതിന് പിന്നിലും ഇവരാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട് വന്‍ വിവാദങ്ങളായിരുന്നു പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നത്. കേസില്‍ സി.പി.ഐ.എം പ്രവര്‍ത്തകരെ പ്രതി ചേര്‍ത്തത് ഗൂഢാലോചനയാണെന്ന് വി.എസ് പറഞ്ഞിരുന്നു. അതേസമയം അന്വേഷണം ശരിയായ ദിശയിലാണെന്നായിരുന്നു പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളുമായ ടി.കെ പളനി പറഞ്ഞിരുന്നത്.
ഇത് കൂടാതെ വി.എസിനെതിരെ പാര്‍ട്ടി പത്ര കുറിപ്പ് ഇറക്കുകയും, പിണറായി തന്നെ വി.എസിനെതിരെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.