കൊച്ചി: ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള മുന്‍ വാഗ്ദാനങ്ങളടക്കം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ഭൂമിക്ക് വേണ്ടി ഇനിയൊരു പ്രക്ഷോഭം ഭരണകൂടവും ജനങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ കോടതി, മതിയായ ഭൂമി ലഭ്യമല്ലെന്ന പേരില്‍ വാഗ്ദാനം നടപ്പിലാക്കാതിരിക്കുന്നത് വരാനിരിക്കുന്ന വന്‍കിട പദ്ധതികളുമായി ബന്ധപ്പെട്ട് വലിയ ആശങ്കകളുണ്ടാക്കുമെന്ന് നിരീക്ഷിച്ചു.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇക്കാര്യം നിരീക്ഷിച്ചത്.
ചെങ്ങറ ഭൂസമരത്തെ തുടര്‍ന്ന് തയ്യാറാക്കിയ ഭൂവിതരണ പാക്കേജ് നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് പരിഗണിച്ച ഹരജികളിലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനിടെയാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.
അതേസമയം, പാക്കേജ് നടപ്പിലാക്കാന്‍ ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇതിലെ വിശദാംശങ്ങള്‍ പരിശോധിച്ചില്ലെങ്കിലും, വിതരണത്തിന് തയ്യാറായ ഭൂമി സംസ്ഥാനത്ത് ലഭ്യമല്ലെന്ന വസ്തുത ആശങ്കയുണ്ടാക്കുന്നതാണെന്ന് കോടതി അറിയിച്ചു.
വാഗ്ദാനം നല്‍കുകയും കരാറുണ്ടാക്കുകയും ചെയ്ത സര്‍ക്കാരിന് അത് നടപ്പിലാക്കാനുള്ള ബാധ്യതയുണ്ടെന്നും , അല്ലാത്തപക്ഷം അത് ഭരണകൂടം നല്‍കുന്ന ഉറപ്പിന്റെ വിശുദ്ധി നഷ്ടമാവുമെന്നും കോടതി പറഞ്ഞു.
വന്‍കിട പദ്ധതികളുമായി മുന്നോട്ട് പോവുമ്പോള്‍ ഭൂമി ലഭ്യതയുടെ കാര്യത്തിലും കൂടുതല്‍ ബാധ്യതകളാണുണ്ടാവുന്നത്. ഭൂരഹിതര്‍ നടത്തിയ പ്രക്ഷേഭങ്ങളുടെ ഫലമായാണ് ഭൂമി നല്‍കാനുള്ള ചെങ്ങറ പാക്കേജുണ്ടായിരിക്കുന്നതെന്നും എന്നാല്‍ ഇത്തരമൊരു സമരത്തിന് ഇനി സര്‍ക്കാറിനോ ജനങ്ങള്‍ക്കോ താത്പര്യമുണ്ടാകില്ലെന്ന് ഉറപ്പാണെന്നും കോടതി പറഞ്ഞു.
ഇത്തരം വിഷയങ്ങള്‍ സാമൂഹ്യനീതി സങ്കല്‍പങ്ങള്‍ കൂടി അടങ്ങുന്നതാണെന്നും അതിനാല്‍ വര്‍ഷങ്ങളായി ഭൂമി കാത്തുകഴിയുന്ന ഹരജിക്കാരോട് ഇനിയും ഒഴിവുകഴിവുകള്‍ പറയാനാകില്ലെന്നും കോടതി പറഞ്ഞു.
നല്‍കിയ ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍റിന് ബാധ്യതയുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഹരജി വീണ്ടും 29ന് പരിഗണിക്കുന്നതാനായി മാറ്റി. ഇക്കാലയളവില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് മറുപടി നല്‍കുമെന്നും കോടതി അറിയിച്ചു.