| Monday, 19th November 2018, 12:24 pm

ഭക്തരോട് ശബരിമലയില്‍ കയറരുതെന്ന് പറയാന്‍ പൊലീസിന് എന്ത് അധികാരം?;സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമലയില്‍ കയറരുതെന്ന് ഭക്തരോട് പറയാന്‍ പൊലീസിന് എന്ത് അധികാരമെന്ന് ഹൈക്കോടതി. കോടതിയുടെ പേരില്‍ ഭക്തരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും കോടതി പറഞ്ഞു.

ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയില്‍ വന്നിരിക്കുന്നത്. തുലാമാസ പൂജയ്ക്ക് നട തുറന്ന സമയത്തുണ്ടായ അതിക്രമങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹരജികള്‍ വന്നിരുന്നത്. ശബരിമലയിലെത്തിയ ഭക്തരോട് പൊലീസ് അതിക്രമം നടത്തിയെന്നാരോപിച്ചായിരുന്നു ഹരജി.

ഹരജികളില്‍ പൊലീസ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ശബരിമലയില്‍ അതിക്രമം നടത്തിയ പൊലീസുകാര്‍ ആരാണെന്നാണ് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഈ കേസ് പരിഗണിച്ച ഘട്ടത്തിലാണ് പൊലീസിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ശബരിമലയില്‍ നടക്കുന്ന അതിക്രമം അനുവദിക്കാനാവില്ല. ഭക്തരോട് സന്നിധനത്ത് കയറരുത് എന്നു പറയാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയത്? അതിക്രമം നടത്താന്‍ ആരാണ് പൊലീസിന് അധികാരം നല്‍കിയതെന്നും കോടതി ചോദിച്ചു.

സുപ്രീം കോടതി വിധിയുടെ മറവില്‍ ശബരിമലയില്‍ അതിക്രമം നടക്കുകയാണ്. ശബരിമല സന്നിധാനത്ത് കുട്ടികളും വൃദ്ധരും ഉള്‍പ്പെടെയുള്ളവര്‍ മര്‍ദ്ദനത്തിന് ഇരയാവുകയാണെന്നും കോടതി വിമര്‍ശിച്ചു.

ഇക്കാര്യത്തില്‍ എ.ജി ഉച്ചയോടെ ഹാജരായി വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more