| Wednesday, 24th November 2021, 8:15 pm

'ഹലാല്‍' എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമോ, എന്തറിഞ്ഞിട്ടാണ് കോടതിയിലെത്തിയത്; ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഹരജിക്കാരന് ഹൈക്കോടതിയുടെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഹരജിക്കാരന് ഹൈക്കോടതിയുടെ വിമര്‍ശനം. ശബരിമലയില്‍ പ്രസാദ നിര്‍മാണത്തിന് ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ശര്‍ക്കര ഉപയോഗിച്ചെന്നും ഇത് ഹൈന്ദവ വിശ്വാസത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടി എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി എസ്.ജെ.ആര്‍. കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ വിമര്‍ശനം.

‘ഹലാല്‍’ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമോയെന്നും എന്തറിഞ്ഞിട്ടാണ് കോടതിയിലെത്തിയതെന്നും കോടതി ആരാഞ്ഞു. ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രനും പി.ജി. അജിത്കുമാറും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.

ഹലാല്‍ നല്‍കുന്നതിന് സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡുണ്ടെന്നും ഉയര്‍ന്ന നിലവാരം ഉറപ്പാക്കുന്നതാണോ കുഴപ്പമെന്നും കോടതി ചോദിച്ചു. ഹലാല്‍ എന്താണെന്ന് മനസിലാക്കാതെയാണ് ഗുരുതര സ്വഭാവമുള്ള ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. കാര്യങ്ങള്‍ പരിശോധിക്കാതെയാണോ ഹരജി ഫയല്‍ ചെയ്യുന്നതെന്നും കോടതി ശാസിച്ചു.

ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ ശര്‍ക്കര വിതരണം ചെയ്ത കമ്പനിയെയും ലേലത്തിനെടുത്ത കരാറുകാരനെയും കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. ഇവരെ കക്ഷി ചേര്‍ക്കാന്‍ ഹരജിക്കാരനോട് കോടതി നിര്‍ദേശിച്ചു. ഹരജി വിശദമായി കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹരജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.

അതേസമയം, പ്രസാദം നിര്‍മിക്കുന്നതിന് പുതിയ ശര്‍ക്കരയാണ് ഉപയോഗിക്കുന്നതെന്നും ഹരജി തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണന്നും ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ ജി. ബിജു കോടതിയെ അറിയിച്ചു.

മൃഗങ്ങളുടെ മാംസവും കൊഴുപ്പും ഒഴിവാക്കിയുള്ളതാണ് ഹലാല്‍ സര്‍ട്ടിഫിക്കറ്റെന്നും കാര്യങ്ങള്‍ മനസിലാക്കാതെയാണ് ഹരജിയെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പം-അരവണ നിര്‍മാണത്തിന് ഏറ്റവും പുതിയ ശര്‍ക്കരയാണ് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷാ കമീഷണര്‍ കോടതിയെ അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: High Court criticizes petitioner in halal jaggery controversy

We use cookies to give you the best possible experience. Learn more