കൊച്ചി: ശബരിമലയില്‍ ചില ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പൊലീസിന് ചീത്തപ്പേരുണ്ടാക്കുകയാണെന്ന് ഹൈക്കോടതി. ശബരിമലയിലെത്തിയ സിറ്റിങ് ജഡ്ജിയെ പൊലീസ് തടയുന്ന സംഭവമുണ്ടായി. ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്വമേധയാ കേസെടുക്കാന്‍ തുടങ്ങിയതാണെന്നും പക്ഷേ വേണ്ടെന്ന് ജഡ്ജി പറഞ്ഞതിനാല്‍ കേസെടുത്തില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ അഡ്വ. ജനറല്‍ മറുപടി പറയവേയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ചില ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പൊലീസിന്റെ സല്‍പ്പേര് കളയുകയാണ് എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ശബരിമലയില്‍ ദര്‍ശനത്തിന് പോയ ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ ഉള്‍പ്പെടെ പരിശോധിക്കുന്ന നിലയുണ്ടായി. സിറ്റിങ് ജഡ്ജിയോട് മോശമായി പെരുമാറുന്ന അവസ്ഥയുണ്ടായി. അറിഞ്ഞോ അറിയാതെയോ ആണ് ഇങ്ങനെ ചെയ്തുപോകുന്നത്. മാന്യമായി പെരുമാറുന്ന ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥന്മാരുണ്ട്. ഈ ഉദ്യോഗസ്ഥന്‍ മാത്രം എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നതെന്ന് കോടതി ചോദിച്ചു. ഉദ്യോഗസ്ഥന്റെ പേരു പറയാതെയായിരുന്നു കോടതിയുടെ വിമര്‍ശനം.
പേരു പറയാന്‍ കോടതി ആഗ്രഹിക്കുന്നില്ല. മാത്രമല്ല, ഇക്കാര്യം ചീഫ് ജസ്റ്റിസിന്റെ ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ചീഫ് ജസ്റ്റിസ് കേസെടുക്കാന്‍ നിര്‍ദേശിച്ചതാണ്. എന്നാല്‍ തടയപ്പെട്ട ജഡ്ജി അതുവേണ്ടെന്നു പറയുകയായിരുന്നു.
ശബരിമലയിലെ ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടച്ച് രാത്രി തന്നെ താക്കോല്‍ പൊലീസിനെ ഏല്‍പ്പിക്കണമെന്ന നിര്‍ദേശം 16ാം തിയ്യതി പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചതെന്ന് കോടതി ചോദിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ദര്‍ശനത്തിനെത്തിയ ആളുകള്‍ ഇതുമൂലം വലയുകയായിരുന്നു.
രാത്രി 11 മണിക്ക് അന്നദാന മണ്ഡപങ്ങളും പത്തുമണിക്ക് പ്രസാദ കൗണ്ടറുകളും അടക്കണമെന്ന നിര്‍ദേശവും പൊലീസ് പുറപ്പെടുവിച്ചിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും കോടതി ചോദിച്ചു.
ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും വൈകാതെ തന്നെ അതു പിന്‍വലിച്ചുവെന്ന് ഐ.ജി ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ എന്തിനുവേണ്ടിയാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് കോടതി ചോദിച്ചു. ഇത് പിന്‍വലിക്കാനിടയായ സാഹചര്യം എന്താണെന്നും കോടതി ചോദിച്ചു.
കേസില്‍ വാദം തുടരുകയാണ്.