കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസിന്റെ വിചാരണ നടക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനനുവദിക്കാതെ മാധ്യമങ്ങളെ ഇറക്കിവിട്ട എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.എസ് അംബികയുടെ നടപടി വിവാദമാകുന്നു. തുറന്ന കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നിരിക്കെ സി.ജെ.എമ്മിന്റെ അസ്വാഭാവിക നടപടിക്കെതിരെ ഹൈക്കോടതി രംഗത്തെത്തി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
സി.ജെ.എമ്മിന് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍ ഹൈക്കോടതി രജിസ്ട്രാറെ ചുമലപ്പെടുത്തുകയും ചെയ്തു. തുറന്ന കോടതിയില്‍ നടക്കുന്ന വാദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിലവില്‍ മാധ്യമങ്ങള്‍ക്കൊന്നും വിലക്കില്ല. ഈ സാഹചര്യത്തിലാണ് കളമശ്ശേരി ഭൂമി തട്ടിപ്പ് കേസിന്റെ വിചാരണ നടക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കാതെ ഇറക്കി വിട്ടത്. മാധ്യമങ്ങളുടെ അവകാശത്തെ നിഷേധിക്കുന്ന നിലപാടാണ് സി.ജെ.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.