| Friday, 11th May 2018, 11:05 am

വരാപ്പുഴ കസ്റ്റഡിമരണം; മജിസ്‌ട്രേറ്റിനെതിരെയുള്ള പരാതി അടിസ്ഥാന രഹിതം: പൊലീസ് റിപ്പോര്‍ട്ടിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ഹൈക്കോടതി ഇടപെടല്‍. കേസില്‍ പറവൂര്‍ മജിസ്ട്രേറ്റിനെതിരേ പൊലീസ് നല്‍കിയ പരാതി അടിസ്ഥാന രഹിതമെന്ന് ഹൈക്കോടതിയുടെ അന്വേഷണ റിപ്പോര്‍ട്ട്.

വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ ആറാം തീയതി ശ്രീജിത്തിനെ ആര്‍.ടി.എഫ് കസ്റ്റഡിയിലെടുത്തിരുന്നു. പിറ്റേന്ന് ശ്രീജിത്തിനെ പറവൂര്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നെന്നും എന്നാല്‍ മജിസ്‌ട്രേറ്റ് തങ്ങളെ കാണാന്‍ വിസമ്മതിച്ചെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്.

അതേസമയം പൊലീസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് എസ്.പി എ.വി ജോര്‍ജിന് കൈമാറിയിരുന്നു. അദ്ദേഹം ഇത് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിജിലന്‍സ്
രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ പരാതി അടിസ്ഥാന രഹിതമാണെന്ന് കോടതി കണ്ടെത്തിയത്.


ALSO READ: ‘ബ്രിട്ടിഷ് പ്രതിഷേധത്തിന്റെ ഭാഗമായി രവീന്ദ്രനാഥ ടാഗോര്‍ നൊബേല്‍ വലിച്ചെറിഞ്ഞു’; പുതിയ കണ്ടെത്തലുമായി വീണ്ടും ബിബ്ലബ് ദേബ് കുമാര്‍


ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ശേഷം ഏഴാം തീയതി പോലീസുകാര്‍ തന്റെ വീട്ടില്‍ പ്രതിയെ കൊണ്ടുവന്നിട്ടില്ല. ഇക്കാര്യം തന്നോട് ഫോണില്‍ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും മജിസ്ട്രേറ്റ് മൊഴി നല്‍കിയിരുന്നു.

അതേസമയം ഏഴാം തീയതി ശ്രീജിത്തിനെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത് എട്ടാം തീയതിയാണ്.

കസ്റ്റഡിയില്‍ എടുത്തയാളെ ഒരു മജിസ്ട്രേറ്റ് കാണാന്‍ വിസമ്മതിച്ചാല്‍ പോലും മറ്റൊരു മജിസ്ട്രേറ്റിന്റെ അടുത്തോ അല്ലെങ്കില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മുമ്പിലോ ഹാജരാക്കാനുള്ള നിയമസാധ്യത പൊലീസിനുണ്ടെന്നും രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റിനെതിരേ പൊലീസ് നല്‍കിയ പരാതി അടിസ്ഥാന രഹിതമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്.

We use cookies to give you the best possible experience. Learn more