സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന പരസ്യം: പോലീസ് നിയമം നടപ്പാക്കുന്നില്ലെന്ന് കോടതി
Kerala
സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന പരസ്യം: പോലീസ് നിയമം നടപ്പാക്കുന്നില്ലെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th June 2013, 12:35 am

[]കൊച്ചി: സ്ത്രീകളെമോശമായി ചിത്രീകരിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ കേസെടുത്താലും പോലീസ് അന്വഷണം വേണ്ടവിധം നടത്തുന്നില്ലെന്ന് കോടതി.

ഇതിനകം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനും നിയമം കര്‍ശനമായി നടപ്പാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍േറതാണ് ഈ ഉത്തരവ്. []

പോലീസ് നിയമം നടപ്പാക്കുന്നുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞാല്‍ മാത്രം പോര, അത് പ്രവൃത്തിയിലും കാണണമെന്ന് കോടതി ഓര്‍മ്മപ്പെടുത്തി.

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയാന്‍ 1986ല്‍ നിലവില്‍ വന്ന നിയമപ്രകാരം സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനകം 113 കേസെടുത്തിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ കേസുകളുടെയെല്ലാം ഇന്നത്തെ അവസ്ഥ പരിശോധിച്ചാല്‍ തന്നെ നിയമം നടപ്പാക്കുന്നതില്‍ അധികൃതര്‍ ജാഗ്രത കാട്ടുന്നില്ലെന്ന ഹര്‍ജിക്കാരന്റെ ആക്ഷേപം ശരിയാണെന്ന് തോന്നുമെന്ന് കോടതി വിലയിരുത്തി.

ഒരു വസ്ത്രവില്‍പനശാലയുടെ ഉദ്ഘാടനവേളയിലെ നൃത്തത്തില്‍ സ്ത്രീകളെ അപമാനകരമാംവിധം മോശമായി ചിത്രീകരിച്ചുവെന്ന, പെരുമ്പാവൂര്‍ രായമംഗലം സ്വദേശി സജു പുല്ലുവഴി സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ ഈ ഉത്തരവ്.

സ്ത്രീകളെ മോശമായി ചിത്രീകരിച്ചതായി പരാതി ലഭിച്ചാല്‍ അവയില്‍ കര്‍ശനനടപടിയുണ്ടാകണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.