ന്യൂദല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കൊളീജിയത്തിന്റെ ശുപാര്‍ശ. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഭട്ടിയെ കൂടാതെ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്വല്‍ ഭുയാനെയും സുപ്രീം കോടതി ജസ്റ്റിസായി കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തു.
നവീകരിച്ച കൊളീജിയത്തില്‍ ജസ്റ്റിസ് സഞ്ജയ് കിശന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവരാണുള്ളത്. ബുധനാഴ്ച ചേര്‍ന്ന യോത്തില്‍ ഇവരെല്ലാവരും ചേര്‍ന്നാണ് തീരുമാനമെടുത്തത്. കൊളീജിയത്തില പുതിയ അംഗങ്ങളാണ് ജസ്റ്റിസ് ഗവായിയും ജസ്റ്റിസ് കന്തും.
സുപ്രീം കോടതിയില്‍ 34 ജഡ്ജിമാരാണ് വേണ്ടത്. എന്നാല്‍ നിലവില്‍ 31 പേര്‍ മാത്രമേയുള്ളൂ. മൂന്ന് പേര്‍ കഴിഞ്ഞ മാസം വിരമിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഇരുവരെയും നിയമിച്ചത്.
2019ലാണ് കേരള ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് ഭട്ടി നിയമിതനാകുന്നത്. ഈ മാസം ഒന്നാം തീയ്യതി മുതല്‍ അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസായും ചുമതലയേറ്റു.
ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാര്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയെ നിയമിച്ചത്. ആന്ധ്രാപ്രദേശിലെ ചീറ്റൂര്‍ സ്വദേശിയാണ് ജസ്റ്റിസ് എസ്വി ഭട്ടി.
‘ആന്ധ്ര പ്രദേശിലെയും കേരളത്തിലെയും ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജസ്റ്റിസ് ഭട്ടി നിയമത്തിന്റെ വിവിധ ശാഖകളില്‍ അനുഭവസ്ഥനാണ്,’ കൊളിജീയം പറഞ്ഞു.
‘ഹൈക്കോടതി ജഡ്ജി എന്ന നിലയില്‍ നിയമത്തിന്റെ വിവിധ തലങ്ങളില്‍ അനുഭവസമ്പത്തുള്ളയാളാണ് ജസ്റ്റിസ് ഭുയാന്‍. നികുതി നിയമത്തില്‍ സ്‌പെഷ്യലൈസേഷനും അദ്ദേഹം നേടിയിട്ടുണ്ട്. നികുതിയുള്‍പ്പെടെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന ബോംബെ ഹൈക്കോടതിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
നീതിന്യായത്തിലും കഴിവിലും ഏറെ പ്രശസ്തിയുള്ള ജഡ്ജിയാണ് ഭുയാന്‍,’ കൊളീജിയം പറഞ്ഞു.
content highlights: High Court Chief Justice S.V. Bhatti will be a Supreme Court judge