| Monday, 6th November 2023, 1:15 pm

കേരള വര്‍മ കോളേജിലെ തെരഞ്ഞെടുപ്പില്‍ ഇടക്കാല ഉത്തരവില്ലെന്ന് ഹൈകോടതി; തെരഞ്ഞെടുപ്പ് രേഖകള്‍ ഹാജരാക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരള വര്‍മ കോളേജിലെ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇടക്കാല ഉത്തരവില്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിങ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.  ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ശ്രീക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചതിന് രേഖകള്‍ ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് വാക്കാല്‍ പ്രഖ്യാപിച്ചിരുന്നു എന്നായിരുന്നു ശ്രീക്കുട്ടന്റെ അഭിഭാഷകന്റെ മറുപടി. മാനേജര്‍, പ്രിന്‍സിപ്പല്‍ എന്നിവരെ കക്ഷി ചേര്‍ക്കണമെന്നും കോടതി പറഞ്ഞു.

തെരഞ്ഞെടുപ്പ് വിവാദത്തില്‍ പ്രതിഷേധിച്ച കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നിരാഹാര സമരം അവസാനിപ്പിച്ചു. അതേസമയം, കേരള വര്‍മ കോളേജിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. കേരള വര്‍മ കോളേജിലെ തെരഞ്ഞെടുപ്പില്‍ ജനാധിപത്യം അട്ടിമറിച്ച വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രാജിവെക്കുക എന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തുക  തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിഷേധക്കാര്‍ മാര്‍ച്ചില്‍ ഉന്നയിച്ചു. മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Content Highlights: High Court cast doubt on votes polled in Kerala Verma College; Election documents should be produced

We use cookies to give you the best possible experience. Learn more