|

വഖഫ് ഭൂമിയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വഖഫ് ബോർഡ്; മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടി റദ്ദാക്കി കേരള ഹൈക്കോടതി. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹരജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വിധി പുറപ്പെടുവിച്ചത്. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് കോടതി റദ്ദാക്കുകയായിരുന്നു.

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോ എന്നും സർക്കാരിനെതിരെ ഹരജി ഫയൽ ചെയ്യാൻ കേരള വഖഫ് സംരക്ഷണ വേദിക്ക് അവകാശമുണ്ടോ എന്നും കോടതി പരിശോധിച്ചു.

ഇതിന് മുമ്പ് കേരള വഖഫ് സംരക്ഷണ വേദി വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും വിഷയത്തിൽ ഒരു പൊതുതാത്പര്യം ഉണ്ടെന്നും അതിനാൽ കേരള വഖഫ് സംരക്ഷണ വേദിക്ക് വിഷയത്തിൽ ഹരജി നൽകാനുള്ള അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ശേഷം സംസ്ഥാന സർക്കാരിന് വഖഫ് വിഷയത്തിൽ ഒരു ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള അധികാരമുണ്ടോ എന്നും കോടതി പരിശോധിച്ചു. ഒരു ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള അധികാരം സർക്കാരിന്റെ വിവേചനാധികാരമാണെന്ന് കോടതി കണ്ടെത്തുകയും എന്നാൽ മുനമ്പം വിഷയത്തിൽ എന്താണ് സർക്കാരിന്റെ വിവേചനാധികാരമെന്നും കോടതി പരിശോധിച്ചു.

അതിൽ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നത് നേരത്തെ തന്നെ സിവിൽ കോടതികൾ കണ്ടെത്തിയിട്ടുണ്ടെന്നും വഖഫ് ട്രിബ്യുണലിന്റെ പരിഗണനയിലുള്ള കേസ് ആണിതെന്നും, അത്തരമൊരു സാഹചര്യത്തിൽ ഒരു ജുഡീഷ്യൽ കമ്മീഷന് വിഷയത്തിൽ ഇടപെടാൻ അവകാശമില്ലെന്നും കോടതി കണ്ടെത്തുകയായിരുന്നു.

വഖഫ് ഭൂമിയുടെ കാര്യത്തിൽ വഖഫ് ബോർഡാണ് അന്തിമമായി തീരുമാനം എടുക്കുകയെന്നും ബാഹ്യ ശക്തികളുടെ ഇടപെടൽ വേണ്ടെന്നും കോടതി പറഞ്ഞു. വഖഫ് ബോർഡിന് കൃത്യമായ നിയമസംഹിതയുണ്ടെന്നും അതനുസരിച്ച് മുന്നോട്ട് പോകുന്നുണ്ടെന്നും അത് അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെയെന്നും കോടതി പറഞ്ഞു.

ഇതോടൊപ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിൽ പൊതുതാത്പര്യമില്ലെന്നും കോടതി കണ്ടെത്തി. കമ്മീഷൻ നിയമനം നിയമപരമല്ലെന്നും സർക്കാർ യാന്ത്രീകമായി പ്രവർത്തിച്ചുവെന്നും കോടതി പറഞ്ഞു. കമ്മീഷൻ നിയമനത്തിൽ കൃത്യമായ വിശദീകരണം നൽകാൻ സർക്കാരിനായില്ലെന്നും കൃത്യമായി പഠിച്ചാണോ സർക്കാർ കമ്മിഷനെ നിയമിച്ചതെന്ന് സംശയം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും.

അതേസമയം സംസ്ഥാന സർക്കാരാണ് മുനമ്പത്ത് കമ്മീഷനെ നിയമിച്ചതെന്നും സർക്കാരാണ് വിഷയത്തിൽ മറുപടി നൽകേണ്ടതെന്നും മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ്‌ സി. എൻ. രാമചന്ദ്രൻ പ്രതികരിച്ചു. മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞത്. വിധിയിലെ നിരീക്ഷണങ്ങൾ കേട്ടില്ല. വ്യക്തി താല്പര്യങ്ങൾ ഇല്ല. സർക്കാർ ഏൽപ്പിച്ച ഉത്തരവാദിത്തം മാത്രമാണ് ചെയ്തത്. പ്രശ്ന പരിഹാരത്തെ കുറിച്ച് ഇനി ചിന്തിക്കേണ്ടത് സർക്കാരാണ്. വിധിക്കെതിരെ സർക്കാരിന് ഡിവിഷൻ ബെഞ്ചിനെയോ സുപ്രീം കോടതിയേയോ സമീപിക്കാം. കമ്മീഷൻ പ്രവർത്തനം മുൻപോട്ട് പോയിരുന്നെങ്കിൽ റിപ്പോർട്ട്‌ സമർപ്പിക്കുമായിരുന്നുവെന്നും മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ്‌ സി. എൻ. രാമചന്ദ്രൻ പറഞ്ഞു.

Content Highlight: High Court cancels appointment of Munambam Judicial Commission