കൊച്ചി: വിവാഹത്തിന് മാതാപിതാക്കളുടെ സാന്നിധ്യം അനിവാര്യമെന്ന് ചൂണ്ടിക്കാട്ടി മതം മാറിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ യുവതി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.
തന്റെ പിതാവിന്റെ സ്വന്തം തീരുമാനമല്ല ഇതിന് പിന്നിലെന്നും ബാഹ്യശക്തികളുടെ നിരന്തരം പ്രേരണ ഇതിന് പിന്നിലുണ്ടെന്നും ഹാദിയ പരാതിയില്‍ പറയുന്നു.
തന്നെ തട്ടിക്കൊണ്ടുപോയി വകവരുത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി ഭയമുണ്ടെന്നും പൊലീസ് അവര്‍ക്കൊപ്പമുണ്ടെന്നും ഹാദിയ പറയുന്നു. ഭരണഘടന അനുവദിച്ച മതവിശ്വാസ സ്വാതന്ത്ര്യം തനിക്ക് നിഷേധിക്കപ്പെട്ടെന്നും തന്റെ അച്ഛനെ മറയാക്കി ഹിന്ദുതീവ്രവാദികള്‍തന്നെ കൊന്നുകളയുമെന്ന് ഭയക്കുന്നതായും പരാതിയില്‍ ഇവര്‍ പറയുന്നുണ്ട്.
Dont Miss മാതാപിതാക്കളുടെ അസാന്നിധ്യം; മതം മാറിയ യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി
കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ ഇസ്‌ലാം മത വിശ്വാസിയാണ്. പരപ്രേരണയോ സമ്മര്‍ദ്ദമോ ഇല്ലാതെ സ്വയം കണ്ടെത്തിയതാണ് ഇസ്‌ലാമിക വിശ്വാസം.
എന്നാല്‍ തന്റെ വീട്ടുകാര്‍ തിരിച്ച് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ തന്റെ മേല്‍ വല്ലാതെ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും കോടതിയ്ക്ക് മുന്‍പില്‍ തെറ്റായ കാര്യങ്ങള്‍ നിരത്തി തന്നെ തിരിച്ചുകൊണ്ടുപോയി ജീവന്‍ അപകടപ്പെടുത്താനാണ് അച്ഛനും അദ്ദേഹത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരും ശ്രമിക്കുന്നതെന്നും ഹാദിയ നല്‍കിയ പരാതിയില്‍ പറയുന്നു.
തന്റെ വിശ്വാസം സംരക്ഷിച്ച് ഇന്ത്യയില്‍ ജീവിച്ച് മരിക്കുകയല്ലാതെ ഈ നാട്ടില്‍ നിന്ന് മറ്റെവിടെയെങ്കിലും പോകാന്‍ ആഗ്രഹിക്കുന്നില്ല. തനിക്ക് പാസ്‌പോര്‍ട്ട് പോലും ഇല്ലെന്നിരിക്കെ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് തനിക്ക് സംരക്ഷണം വേണമെന്നും മുഖ്യമന്ത്രിക്കും ചീഫ് ജസ്റ്റിസിനും നല്‍കിയ പരാതിയില്‍ ഹാദിയ എന്ന അഖില പറയുന്നു.
Dont Miss ഗര്‍ഭിണായാണെന്ന് അറിഞ്ഞ് പത്ത് മിനിട്ടിനകം യുവതി അപകടത്തില്‍ മരിച്ചു; ദാരുണസംഭവം മൂവാറ്റുപുഴയില്‍
മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ നടത്തിയ വിവാഹം അസാധുവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് വിവാഹം റദ്ദാക്കിയത്.
വൈക്കം സ്വദേശി അശോകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ നടക്കുന്ന വിവാഹം അസാധുവാണെന്ന നിരീക്ഷണം കോടതി നടത്തിയത്. അശോകന്റെ ഹര്‍ജിയില്‍ വിധി പുറപ്പെടുവിച്ച കോടതി അഖില എന്ന ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയും ചെയ്യുകയായിരുന്നു.
മതപരിവര്‍ത്തനം നടത്തി മകളെ ഐ.എസില്‍ ചേര്‍ക്കാനായി തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു അശോകന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. മകള്‍ തീവ്രവാദ ഗ്രൂപ്പിന്റെ തടവിലാണെന്നും മതം മാറ്റി സിറിയയിലേയ്ക്ക് കൊണ്ടു പോകാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് അശോകന്‍ നല്‍കിയിരുന്നത്.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ കെ. സുരേന്ദ്ര മോഹന്‍, എബ്രാഹം മാത്യൂ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ നടക്കുന്ന വിവാഹം അസാധുവാണെന്ന വിധി പുറപ്പെടുവിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായി പെണ്‍കുട്ടി വിവാഹിതയായത്. ഹര്‍ജിയെത്തുടര്‍ന്ന് കോടതിയില്‍ ഹാജരായ പെണ്‍കുട്ടി താന്‍ ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി വീടു വിട്ടിറങ്ങിയതാണെന്നും തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും പറഞ്ഞെങ്കിലും മാതാപിതാക്കള്‍ വിവാഹസമയത്ത് ഉണ്ടായില്ല എന്ന് നിരീക്ഷിച്ച കോടതി വിവാഹം റദ്ദാക്കുകയായിരുന്നു.
അശോകന്‍ പെരിന്തല്‍മണ്ണ, ചേര്‍പ്പുളശേരി പൊലീസ് സ്റ്റേഷനുകളില്‍ നല്‍കിയിട്ടുള്ള പരാതി സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കണമെന്ന് കോടതി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. വിവാഹത്തിന് പുറകില്‍ ഉണ്ടായവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മതം മാറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയമായ മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തെക്കുറിച്ചും നേരത്തെ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്വീഴ്ച പറ്റിയിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ വകുപ്പു തല നടപടിയെടുക്കണമെന്നും എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളുണ്ടെങ്കില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.