പന്തീരാങ്കാവ് യു.എ.പി.എ കേസ്; താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി; അലന്റെ ജാമ്യം റദ്ദാക്കില്ല
കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. അതേസമയം അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല. താഹ ഫസലിനോട് ഉടന്‍ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു.
അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
അലന്റെ കയ്യില് നിന്നും പിടിച്ചെടുത്ത ലഘുലേഖകള്‍ യു.എ.പി.എയ്ക്ക് പര്യാപ്തമായ തെളിവല്ലെന്നാണ് കോടതി പറഞ്ഞത്. അലന്റെ പ്രായവും കണക്കിനെടുത്താണ് കോടതി നടപടി.
അതേസമയം താഹ ഫസലിന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ യു.എ.പി.എയ്ക്ക് പര്യാപ്തമായ തെളിവുകളാണെന്നും കോടതി പറഞ്ഞു.
ഒരു വര്‍ഷത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഒരു പ്രതികൂടി കീഴടങ്ങാനുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നുമാണ് എന്‍.ഐ.എ കോടതിയില്‍ നേരത്തെ പറഞ്ഞിരുന്നത്.
2020 സെപ്തംബറിലാണ് അലനും താഹയ്ക്കും എന്‍.ഐ.എ കോടതി ജാമ്യം അനുവദിക്കുന്നത്. ഇതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍.ഐ.എ ഹൈക്കോടതിയെ സമീപിച്ചത്.
2019 നവംബര്‍ ഒന്നിനാണ് പന്തീരങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തി അലനെയും താഹയെയും അറസ്റ്റ് ചെയ്തത്.
2020 ഏപ്രില്‍ 27 നാണ് ദേശീയ അന്വേഷണ ഏജന്‍സി ഇരുവര്‍ക്കുമെതിരായ കുറ്റപത്രം കൊച്ചി എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചത്.
അറസ്റ്റിലായ ശേഷം മൂന്ന് തവണ ഇരുവരും ജാമ്യത്തിനായി ശ്രമിച്ചിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിലും എന്‍.ഐ.എ കോടതിയിലും ഹൈക്കോടതിയിലുമായിരുന്നു ജാമ്യത്തിനായി ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കുകയായിരുന്നു.
താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസ് റെക്കോര്‍ഡ് ചെയ്തിരുന്നു. അത് താഹയുടെ ശബ്ദം തന്നെയാണോ എന്ന് തെളിയിക്കുന്നതിന് വേണ്ടിയുള്ള വാദപ്രതിവാദങ്ങളായിരുന്നു കോടതിയില്‍ നടന്നത്. അതില്‍ അന്തിമ വാദം കേട്ടശേഷമാണ് കോടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
തങ്ങള്‍ക്കെതിരായ കേസില്‍ തെളിവുകള്‍ ഇല്ലെന്നും അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ഇരുവരും ജാമ്യഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരുടേയും മാവോയിസ്റ്റ് ബന്ധത്തില്‍ തെളിവുണ്ടെന്നായിരുന്നു എന്‍.ഐ.എയുടെ വാദം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: High court bans bail of Thaha Fasal