കൊച്ചി: കനത്ത കാലവര്‍ഷത്തിലും അതേ തുടര്‍ന്ന് ഉണ്ടായ പ്രളയത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിനും, നല്‍കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ എന്താണെന്ന് ബോധിപ്പിക്കാന്‍ സര്‍ക്കാരിനൊട് ഹൈക്കോടതി.
നഷ്ടപരിഹാരം എത്രയാണെന്ന് നിശ്ചയിക്കുമ്പോള്‍ മുന്‍ഗണനാക്രമത്തിന് നാശനഷ്ടത്തിന്റെ തോത് പരിഗണിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ദുരിതാശ്വാസമായി നല്‍കുന്ന തുകയ്ക്കായി പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ALSO READ: മോഹന്‍ലാല്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കില്ല: വാര്‍ത്ത തെറ്റെന്ന് താരത്തിനോട് അടുത്ത വൃത്തങ്ങള്‍
നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുള്ളവരെ മുന്‍ഗണനാ ക്രമത്തില്‍ തരംതിരിക്കണം. നഷ്ടം എത്രയാണെന്ന് നിജപ്പെടുത്തി വേണം നഷ്ടപരിഹാരം നല്‍കാവൂ. നാല് ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.
എന്തൊക്കെ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നാല് ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചത് എന്ന് കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ശരിയായ നഷ്ടം കണക്കാക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ അത് അഴിമതിക്ക് ഇടയാക്കും. സര്‍ക്കാരിന്റെ നടപടികള്‍ സുതാര്യവും, ജനങ്ങള്‍ക്ക് വിശ്വസനീയവുമായിരിക്കണം. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.