സ്മൃതി ഇറാനിക്കും മകള്‍ക്കുമെതിരായ ട്വീറ്റുകള്‍ നീക്കണം; കോണ്‍ഗ്രസ് നേതാക്കളോട് ഹൈക്കോടതി
national news
സ്മൃതി ഇറാനിക്കും മകള്‍ക്കുമെതിരായ ട്വീറ്റുകള്‍ നീക്കണം; കോണ്‍ഗ്രസ് നേതാക്കളോട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th July 2022, 2:41 pm

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും മകള്‍ക്കുമെതിരെയുള്ള അപകീര്‍ത്തികരമായ ട്വീറ്റുകള്‍ നീക്കാന്‍ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ട് ഹൈക്കോടതി.

സ്മൃതി ഇറാനി നല്‍കിയ മാനഷ്ടകേസിലാണ് കോടതിയുടെ ഉത്തരവ്. ഹരജി ആഗസ്റ്റ് 18 നാണ് പരിഗണിക്കുക.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കും മകള്‍ക്കും എതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി അപകീര്‍ത്തികരമായ ട്വീറ്റുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവന്‍ ഖേര, നെറ്റ ഡിസൂസ എന്നിവരോട് ഈ ട്വീറ്റുകളും പോസ്റ്റുകളും നീക്കം ചെയ്യാനാണ് ദല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടത്.

തനിക്കും മകള്‍ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചതിന് രണ്ട് കോടിയിലധികം നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സിവില്‍ മാനനഷ്ട കേസ് നല്‍കിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് മിനി പുഷ്‌കര്‍ണ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്.

അപകീര്‍ത്തികരമായ പോസ്റ്റുകള്‍ 24 മണിക്കൂറിനകം സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കണമെന്ന നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ട്വിറ്റര്‍, ഫേസ്ബുക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇവ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി പറഞ്ഞു.

സ്മൃതി ഇറാനിയുടെ 18 വയസുള്ള മകള്‍ ഗോവയില്‍ നിയമവിരുദ്ധമായി ബാര്‍ നടത്തിയിരുന്നെന്നും, അതുകൊണ്ട് സ്മൃതി ഇറാനിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

തനിക്കും മകള്‍ക്കുമെതിരായ അടിസ്ഥാനരഹിതവും വ്യാജവുമായ ആരോപണങ്ങളില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സ്മൃതി ഇറാനി ജൂലൈ 24 ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു

തനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകളിട്ടതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിരുപാധികം മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം അവര്‍ക്കെതിരെ സിവില്‍ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുമെന്നും സ്മൃതി ഇറാനി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Content Highlight: High Court asks Congress leaders to remove tweets against Union Minister Smriti Irani and her daughter.