കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററുകളില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി
Kerala News
കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററുകളില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2024, 11:45 am

എറണാകുളം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ 140.കി.മീ കൂടുതല്‍ ദൂരം സര്‍വീസ് നടത്താന്‍ പാടില്ലെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. മോട്ടോര്‍ വെഹിക്കിള്‍സ് സ്‌കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്.

നിലവില്‍ സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിക്ക് മാത്രമാണ് 140 കി.മീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്താന്‍ അനുമതിയുള്ളത്. സ്വകാര്യ ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

2020 സെപ്റ്റംബറിലായിരുന്നു ഈ വ്യവസ്ഥയുടെ കരട് രൂപം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇത്തരം സ്‌കീമുകള്‍ അവതരിപ്പിക്കുമ്പോള്‍ ബന്ധപ്പെട്ട കക്ഷികളുടെ ഭാഗം ഒരു വര്‍ഷത്തിനുള്ളില്‍ കേള്‍ക്കണമെന്ന വ്യവസ്ഥ ഉണ്ടെങ്കിലും ഈ വിഷയത്തില്‍ സ്വകാര്യ ബസുകളുടെ ഭാഗം രേഖപ്പെടുത്തിയിരുന്നില്ല. ഇത് നിയമവിരുദ്ധമാണെന്ന സ്വകാര്യ ബസുടമകളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

 ജൂണ്‍ മാസം വരെ 140കി.മീല്‍ അധികം ഓടിയിരുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് താല്‍കാലികമായി മാത്രം പുതുക്കി നല്‍കുകയായിരുന്നു.

എന്നാല്‍ പുതിയ സ്‌കീം അവതരിപ്പിച്ചതിന് ശേഷം ഇത്തരത്തില്‍ പുതുക്കി നല്‍കാന്‍ പറ്റില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചതിനെത്തുടര്‍ന്ന് ബസുടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlight: High Court allows private buses to operate over a distance of 140 km